ഡോ.വന്ദന ദാസ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും തള്ളി
Mail This Article
കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. പൊലീസുകാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നല്ലാതെ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് ആരോപണമില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഉത്തരവ്.
പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മാതാപിതാക്കളുടെ ഹർജി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സർക്കാർ നിലപാട് അറിയിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേൾക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞവർഷം മേയ് 10നു രാത്രി മെഡിക്കൽ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണു വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണു മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.