‘സ്വന്തം റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കായി പി.വി.അൻവർ മലയോര ഹൈവേയുടെ അലൈൻമെന്റ് അട്ടിമറിച്ചു’
Mail This Article
മലപ്പുറം∙ സ്വന്തം റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ മലയോര ഹൈവേയുടെ അലൈൻമെന്റ് അട്ടിമറിച്ചുവെന്ന ആരോപണവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി രംഗത്ത്. കക്കാടംപൊയിലിൽ നിലമ്പൂർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള അമ്യൂസ്‌മെന്റ് പാർക്കും വില്ലകളും ഏക്കർ കണക്കിനു ഭൂമിയും കോടികൾക്കു വിൽക്കാനും റിയൽ എസ്റ്റേറ്റ് താൽപര്യം സംരക്ഷിക്കാനും അലൈൻമെന്റിൽ തിരിമറി നടത്തിയിരിക്കുകയാണെന്നാണ് ആരോപണം. കൊച്ചി – ബെംഗളൂരു ദൂരം നിലവിലുള്ളതിനേക്കാൾ ഒന്നര മണിക്കൂർ ലഭിക്കാൻ കഴിയുന്ന, നാളെ ഒരു ടൂറിസം കോറിഡോർ ആയി മാറുമായിരുന്ന ഈ നാടിന്റെ സ്വപ്ന പദ്ധതി എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിനു മുൻപിൽ പൊലിഞ്ഞെന്നും വി.എസ്. ജോയി കുറിച്ചു
കാസർകോട് നന്ദാരപ്പടവിൽനിന്ന് ആരംഭിച്ച് വയനാട്ടിൽ എത്തി മേപ്പാടി – മുണ്ടേരി – അമരമ്പലം – മണ്ണാർക്കാട് വഴി പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കുന്ന രീതിയിൽ ആണ് 2015ൽ യുഡിഎഫ് സർക്കാർ മലയോര ഹൈവേയുടെ അലൈൻമെന്റ് തയറാക്കിയിരുന്നതെന്ന് ജോയി ചൂണ്ടിക്കാട്ടി. എന്നാൽ, അൻവർ ഇടപെട്ട് മേപ്പാടിയിൽനിന്ന് കള്ളാടി ടണൽ വഴി ആനക്കാംപൊയിലിൽ എത്തി കക്കാടംപൊയിലിൽ എത്തുന്ന രീതിയിൽ അലൈൻമെന്റ് അട്ടിമറിച്ചിരിക്കുകയാണെന്നാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ ജോയിയുടെ ആരോപണം.
വി.എസ്. ജോയിയുടെ കുറിപ്പിന്റെ പൂർണരൂപം:
മലയോര ഹൈവേയുടെ അലൈൻമെന്റ് അട്ടിമറിച്ച നിലമ്പൂർ എംഎൽഎയുടെ അഴിമതിക്കെതിരെ പ്രതിഷേധം. കാസർകോട് നന്ദാരപ്പടവിൽനിന്ന് ആരംഭിച്ച് വയനാടിൽ എത്തി മേപ്പാടിയിൽനിന്ന‌് മുണ്ടേരി വഴി അമരമ്പലം എത്തി മണ്ണാർക്കാട് വഴി പാലക്കാടു ജില്ലയിലേക്കു പ്രവേശിക്കുന്ന രീതിയിൽ ആണ് യുഡിഎഫ് സർക്കാർ 2015ൽ മലയോര ഹൈവേയുടെ അലൈൻമെന്റ് തയറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മേപ്പാടിയിൽനിന്ന് കള്ളാടി ടണൽ വഴി ആനക്കാംപൊയിൽ എത്തി കക്കാടംപൊയിൽ എത്തുന്ന രീതിയിൽ അലൈൻമെന്റ് അട്ടിമറിച്ചിരിക്കുകയാണ്.
കക്കാടംപൊയിലിൽ നിലമ്പൂർ എംഎൽഎയ്ക്ക് ഉള്ള അമ്യൂസ്‌മെന്റ് പാർക്കും വില്ലകളും ഏക്കർ ക്കണക്കിനു ഭൂമിയും കോടികൾക്കു വിൽക്കാനും റിയൽ എസ്റ്റേറ്റ് താൽപര്യം സംരക്ഷിക്കാനും അലൈൻമെന്റിൽ തിരിമറി നടത്തിയിരിക്കുകയാണ്.
എംഎൽഎ ആയി വിജയിച്ചപ്പോൾ ആറു മാസം കൊണ്ട് മുണ്ടേരിയിൽനിന്ന് മേപ്പാടിയിലേക്കു റോഡ് ഉണ്ടാക്കി എന്റെ സ്വന്തം ഫോർ വീൽ ജീപ്പ് ഞാൻ സ്വയം ഓടിച്ചു വയനാട് കേറും എന്നു തള്ളിമറിക്കുകയും എന്നിട്ട് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് റോഡിന് അനുമതി നിഷേധിച്ചപ്പോൾ അതിന്റെ പേരിൽ രാഹുൽ ഗാന്ധി എംപിയെ പഴിചാരി രക്ഷപ്പെടാനുമാണ് എംഎൽഎ ശ്രമിച്ചത്.
മലയോര ഹൈവേ വരുമെന്ന മോഹന വാഗ്ദാനം നൽകി പാവപ്പെട്ട ജനങ്ങളുടെ വീടും സ്ഥലവും നഷ്ടപരിഹാരം പോലും നൽകാതെ പിടിച്ചെടുത്ത് 12 മീറ്റർ വീതിയിൽ റോഡ് ഉണ്ടാക്കിയശേഷം വനഭൂമിയോടു ചേർന്നു കിടക്കുന്ന നിലവിൽ ഉള്ള റോഡ് വീതി കൂട്ടാനോ അറ്റകുറ്റപ്പണി നടത്താനോപോലും ശ്രമിക്കാതെ ഈ പദ്ധതി ഉപേക്ഷിച്ചു എന്നാണ് നവകേരള സദസ്സിൽ പരാതി കൊടുത്ത ആക്‌ഷൻ കൗൺസിൽ അംഗങ്ങൾക്കു നൽകിയിക്കുന്ന മറുപടി.
മലയോര ഹൈവേയുടെ ഭാഗമായി ഒരു റീച്ചിൽ നിലമ്പൂർ - കക്കാടംപൊയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. അതിൽ ആർക്കും എതിർപ്പില്ല. പക്ഷേ മുണ്ടേരി മേപ്പാടി വഴിയുള്ള അലൈൻമെന്റ് വനഭൂമിയുടെ പേരിൽ ഉപേക്ഷിച്ചു വനഭൂമിയിലൂടെ തന്നെ ആനാക്കാംപൊയിൽ വഴി പുതിയ പാത കൊണ്ടുവരുമ്പോൾ അതിന്റെ പിറകിൽ എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളും റിസോർട്ട് മാഫിയയുടെ ഇടപെടലും ഉണ്ടെന്ന കാര്യം വ്യക്തമാണ്.
മുണ്ടേരി - മേപ്പാടി മലയോര ഹൈവേയ്ക്കു വനഭൂമി ലഭ്യമാക്കാൻ കേന്ദ വനം വകുപ്പിന്റെ പരിവേഷ് സൈറ്റിൽ നൽകിയ അപേക്ഷ പിഡബ്ല്യുഡി പിൻവലിച്ചിരിക്കുന്നു. എന്നു മാത്രമല്ല, കിഫ്ബിയുടെ പ്രോജക്ടുകൾ വിശദമായി പ്രതിപാദിക്കുന്ന ന്യൂസ്‌ലെറ്ററിന്റെ ഏറ്റവും പുതിയ ലക്കത്തിൽ മലയോര ഹൈവേയുടെ റീച്ചിൽ മുണ്ടേരി – മേപ്പാടി ഒഴിവാക്കിയിരിക്കുന്നു.
കൊച്ചി – ബെംഗളൂരു ദൂരം നിലവിലുള്ളതിനേക്കാൾ ഒന്നര മണിക്കൂർ ലഭിക്കാൻ കഴിയുന്ന – മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന –നാളെ ഒരു ടൂറിസം കോറിഡോർ ആയി മാറുമായിരുന്ന ഈ നാടിന്റെ സ്വപ്ന പദ്ധതി എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിനു മുൻപിൽ പൊലിഞ്ഞിരിക്കുന്നു.