കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിയുടെ മുട്ടുവിറച്ചു, അതിന്റെ ഭാഗമാണ് സമരം: ചെന്നിത്തല
Mail This Article
ആലപ്പുഴ∙ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന സമരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കാൻ തുടങ്ങിയെന്നും സമരങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സമരമാണോ പൊതുയോഗമാണോ എന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് തന്നെ ആശയക്കുഴപ്പമാണെന്നും അദ്ദേഹം പരിഹസിച്ചു.
‘‘കഴിഞ്ഞ ഏഴര വർഷമായി കേന്ദ്രത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഒരക്ഷരം സംസാരിക്കാത്ത കേരളത്തിലെ മുഖ്യമന്ത്രി പൊടുന്നനെ ഒരു സമരത്തിന് തയാറെടുക്കുന്നതിന്റെ കാര്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുന്നതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്കു മുട്ടുവിറയ്ക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയ സമരത്തിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഇവിടെ നടക്കുന്ന അഴിമതിയും കമ്മിഷൻ ഇടപാടുകളാണെന്നും എല്ലാവർക്കും അറിയാം.’’ ചെന്നിത്തല പറഞ്ഞു.
അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കെത്തിച്ചശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ കോൺഗ്രസ് നിരന്തരമായ പോരാട്ടം നടത്തിയപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും പറഞ്ഞു.
‘‘ഭയഭക്തി ബഹുമാനത്തോടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നത് കേരളം കണ്ടതാണ്. കേരളത്തിന്റെ ആവശ്യത്തെപറ്റി ഒരക്ഷരം പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് സംസാരിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന സമരം വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാമോ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ്. സമരമാണോ, പൊതുയോഗമാണോ നടക്കുന്നത് എന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് തന്നെ ആശയക്കുഴപ്പമാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. ഇതുകൊണ്ട് ഒരു പ്രയോജനവും കേരളത്തിനോ ജനങ്ങൾക്കോ ഉണ്ടാകാൻ പോകുന്നില്ല’’ – ചെന്നിത്തല പറയുന്നു.