ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രമായി; ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ
Mail This Article
കൊല്ലം∙ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിരാണ് കേസിലെ പ്രതികൾ. ഇവർ സാമ്പത്തിക ബാധ്യത തീർക്കുന്നത് ലക്ഷ്യമിട്ട് കുട്ടിയെ തട്ടികൊണ്ടുപോയി, മോചനദ്രവ്യത്തിനായി ഒളിവിൽ പാർപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ നവംബർ 27ന് വൈകിട്ട് ഓയൂർ ഓട്ടുമലയിലെ വീടിനു സമീപത്തുനിന്നാണ് ആറുവയസ്സുകാരിയെ തട്ടിയെടുത്തത്. ആറുവയസുകാരിയുടെ സഹോദരനാണ് പ്രധാന ദൃക്‌സാക്ഷി. കേസിൽ 160 സാക്ഷികളുണ്ട്. 150 തൊണ്ടിമുതലുകൾ, ലാപ്‌ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്‌ത്രീയ തെളിവുകളാണ് കേസിനെ ബലപ്പെടുത്തുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 364 (A), 361,363,370 (4), 323, 34, 201 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് അന്വേഷിച്ചത്. ഡിസംബർ ഒന്നിന് ഉച്ചയ്‌ക്ക് ശേഷം തമിഴ്‌നാട് അതിർത്തിയിലെ പുളിയറയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.