പി.വി.അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു; നടപടി ഹൈക്കോടതി കേസ് ഇന്നു പരിഗണിക്കാനിരിക്കെ
Mail This Article
കോഴിക്കോട്∙ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു. പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്.
പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ലൈസൻസില്ലാതെ എങ്ങനെയാണു പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകുകയും ചെയ്തു.
പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ അനുബന്ധ രേഖകളിൽ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു. തിരുത്തി നൽകാൻ നിർദേശിച്ചിരുന്നു. പാർക്ക് പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച പിവിആർ നേച്ചർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയാണു പരിഗണിക്കുന്നത്. സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നും ലൈസൻസില്ലെന്നുമുള്ള വിവരാവകാശ രേഖയാണ് ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയത്.