മോദി സംസ്ഥാനങ്ങളെ കാണുന്നത് വെറും നഗരസഭകളായി; അവകാശങ്ങൾ ഇല്ലാതാക്കുന്നു: എം.കെ.സ്റ്റാലിൻ
Mail This Article
ചെന്നൈ∙ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുൻ പ്രധാനമന്ത്രിമാരെന്നും എന്നാൽ നരേന്ദ്ര മോദി സംസ്ഥാനങ്ങളെ വെറും നഗരസഭകളായിട്ടാണു കരുതുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയായിരുന്നു പ്രധാനമന്ത്രിയായപ്പോൾ ആദ്യം അദ്ദേഹം ചെയ്തത്. സാമ്പത്തിക അവകാശങ്ങൾ നഷ്ടപ്പെട്ടു, വിദ്യാഭ്യാസത്തിനുള്ള അവകാശം എടുത്തുകളഞ്ഞു, ഭാഷയ്ക്കുള്ള അവകാശം എടുത്തുകളഞ്ഞു, നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശം ഇല്ലാതാക്കുന്നത് ഓക്സിജൻ ഇല്ലാതാക്കുന്നതിനു തുല്യമാണ്. അതാണ് ബിജെപി സർക്കാർ ചെയ്യുന്നത്.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. നാളെ നിങ്ങളുടെ സംസ്ഥാനങ്ങൾക്കും ഇതേ വിധിയായിരിക്കുമെന്ന് മുന്നറിയിപ്പു നൽകുകയാണ്. ബിജെപി സർക്കാരിന്റെ ഈ ഏകാധിപത്യ നടപടികൾക്കെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായി പോരാടുകയാണ്. ഇതേ രീതിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും പോരാട്ടമുഖത്തുണ്ട്.
ജിഎസ്ടിക്ക് ശേഷം എല്ലാ സംസ്ഥാന സർക്കാരുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങൾ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ ഇത് തടയുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെ എതിർക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനു പിന്തുണ അറിയിച്ചുള്ള സ്റ്റാലിന്റെ വിഡിയോ സന്ദേശത്തിലാണ് പരാമർശങ്ങൾ.