‘എൻഡിഎക്ക് 400 സീറ്റെന്ന മോദിയുടെ ലക്ഷ്യം ഇപ്പോൾ സാധ്യം; ഇന്ത്യ മുന്നണി ക്ഷീണത്തിൽ’
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കു നാനൂറിലേറെ സീറ്റുകളെന്ന ലക്ഷ്യം സാധ്യമാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനുമായ ഒമർ അബ്ദുല്ല. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണകരമാവുകയെന്നും ‘ഇന്ത്യ’ മുന്നണിയിലെ അംഗം കൂടിയായ അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ഈ തിരഞ്ഞെടുപ്പിൽ 400ലേറെ സീറ്റുകളാണു മോദി ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ദുർബലരായതിനാൽ ആ ലക്ഷ്യം നേടുക സാധ്യമാണ്. ബിജെപിക്കെതിരെ ഐക്യമുന്നണി രൂപപ്പെടുത്തുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. രണ്ടു മാസം മുൻപായിരുന്നെങ്കിൽ മോദിയുടെ ലക്ഷ്യം അസാധ്യമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ലക്ഷ്യം യാഥാർഥ്യമാകാനാണു സാധ്യത. ഇന്ത്യ മുന്നണി വളരെ ക്ഷീണാവസ്ഥയിലാണ്. എല്ലാ പ്രശ്നങ്ങൾക്കും കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നു പറയാനാകില്ല.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ഇന്ത്യ മുന്നണി വിട്ടത് അദ്ദേഹത്തിന്റെ സ്വന്തം താൽപര്യത്താലാണ്. ശക്തരായ പ്രതിപക്ഷമാകാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും മുന്നണി കരുത്തുറ്റതായിട്ടില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. മൂന്നാം തവണയും ബിജെപിക്ക് അധികാരത്തിൽ വരാൻ അനുകൂലമായ ഒരുപാട് കാരണങ്ങളുണ്ട്. പണവും മന്ദിറും അധികാരവും അവരുടെ കൈകളിലാണ്. ഇതിലേതു കാർഡ് വേണമെങ്കിലും ഉപയോഗിക്കാം. ജമ്മു കശ്മീരിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നു തോന്നുന്നില്ല. ജയിക്കുമെന്നു ബിജെപിക്ക് ഉറപ്പുണ്ടെങ്കിലേ തിരഞ്ഞെടുപ്പ് നടത്തൂ’’– ഒമർ അബ്ദുല്ല പറഞ്ഞു.