‘പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; സ്വന്തം അന്തർധാര മറച്ചുപിടിക്കാനുള്ള സിപിഎമ്മിന്റെ പാപ്പരത്തം’
Mail This Article
കോഴിക്കോട്∙ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്നു കെ.മുരളീധരൻ എംപി. സഭക്ക് അകത്തും പുറത്തും മോദി സർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ എംപിയെന്നും മുരളീധരൻ പറഞ്ഞു.
രാഷ്ട്രീയം വേറെ, വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആരു വിളിച്ചാലും പോകും. സ്വന്തം അന്തർധാര മറച്ചുപിടിക്കാൻ മാർകിസ്റ്റ് പാർട്ടി കാണിക്കുന്ന പാപ്പരത്തമാണിപ്പോഴത്തെ വിമർശനം. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയിൽ സ്വീകരിച്ചതിന്റെ പേരിൽ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല. ഇക്കാര്യത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിലകൊള്ളും. ബിജെപിയാണ് കോൺഗ്രസിന്റെ ശത്രു. കേരളത്തിലും രാജ്യത്താകെയും ബിജെപി തന്നെയാണ് ശത്രുവെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിനകത്ത് സീറ്റ് സംബന്ധിച്ച തർക്കങ്ങളില്ല. ഏത് വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ രാഷ്ട്രീയമില്ലെന്നു വിശദീകരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തെത്തി. രാഷ്ട്രീയം വേറെ സൗഹൃദം വേറെയെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം. ‘‘പ്രധാനമന്ത്രിയുടെ ഓഫിസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതു ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണ്. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പിണറായി വിജയനെ മകന്‍റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു. ജനത്തിന് എല്ലാം അറിയാം.’’– എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.