‘ഷാജഹാനും സംഘവും ഭൂമി തട്ടിയെടുത്തു, ലൈംഗികാതിക്രമം കാട്ടി’: അന്വേഷിക്കാൻ 10 അംഗ സംഘം
Mail This Article
കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും ചേർന്ന് ഭൂമി തട്ടിയെടുക്കുകയും ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്തെന്ന സന്ദേശ്ഖലിയിലെ സ്ത്രീകളുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ 10 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിഐജി റാങ്കിലുള്ള വനിതാ ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും അറസ്റ്റ് ആവശ്യപ്പെട്ട് പരാതിക്കാർ ദിവസങ്ങളായി പ്രതിഷേധം തുടരുന്നതിനിടെയാണ് 10 അംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
അതിനിടെ, ഫെബ്രുവരി ഒൻപതിന് പ്രതിഷേധം അക്രമത്തിനു വഴിമാറുകയും തൃണമൂലിന്റെ പ്രാദേശിക നേതാക്കളുടെ വീടിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തിരുന്നു. ബംഗാളിൽ റേഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന നേതാവാണ് ഷാജഹാൻ ഷെയ്ഖ്. ഇയാളുടെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
അതേസമയം, കുറ്റക്കാരെ ഇതിനകം അഴിക്കുള്ളിലാക്കിയെന്നാണ് ആരോപണങ്ങൾക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മറുപടി. സംശയമുള്ളവർക്ക് സന്ദേശ്ഖലി സന്ദർശിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
‘‘ആർക്കു വേണമെങ്കിലും സന്ദേശ്ഖലിയിൽ പോയി പരിശോധിക്കാം. അതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. വനിതാ കമ്മിഷൻ സംഘത്തെ ഞങ്ങൾ ആദ്യമേ അവിടേക്ക് അയച്ചിരുന്നു. അവർ തിരികെവന്ന് റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അവിടെ അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്തു. ഇപ്പോഴും അവിടെ കൃത്യമായ നിരീക്ഷണം തുടരുകയാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന നേതാവ് പാർഥ ഭൗമിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സന്ദേശ്ഖലി സന്ദർശിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.