ADVERTISEMENT

തിരുവനന്തപുരം∙ റേഷൻ കടകളുടെ ബ്രാൻഡിങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും റേഷൻ കടകൾക്കു മുന്നിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടു മുഖംതിരിച്ചു കേരളം. തിരഞ്ഞെടുപ്പു വർഷത്തിൽ ഇത്തരമൊരു പ്രചാരണം ശരിയല്ലെന്നും നടപ്പാക്കാൻ വിഷമമുണ്ടെന്നും കേന്ദ്രത്തെ അറിയിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ വിഷയവുമായി ബന്ധപ്പെട്ടു പി.അബ്‍ദുൽ ഹമീദ് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി ജി.ആർ.അനിൽ മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

‘‘ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണു കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. ഇതേവരെ ഇല്ലാത്ത ഒരു പുതിയ പ്രചാരണ പരിപാടിയാണു കേന്ദ്രം നിർദ്ദേശിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ തീർച്ചയായും അതു തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ്. ഇതു ശരിയല്ലെന്നു കേന്ദ്രസർക്കാരിനെ അറിയിക്കും. ഇവിടെ നടപ്പാക്കാൻ വിഷമമാണെന്നും അറിയിക്കും. അതോടൊപ്പം തിരഞ്ഞെടുപ്പു കമ്മിഷനെയും ഇത് അറിയിക്കാന്‍ പറ്റില്ലേയെന്നതും പരിശോധിക്കും’’ – മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ചു റിപ്പോർട്ടു നൽകാൻ എഫ്സിഐയേയും സംസ്ഥാന ഭക്ഷ്യ വകുപ്പിനേയും കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുകയാണെന്നു മന്ത്രി ജി.ആർ.അനിൽ സഭയെ അറിയിച്ചു. 550 റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കണമെന്നു നിർദ്ദേശിക്കുകയും അതു പരിശോധിക്കാൻ എഫ്സിഐയുടെ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിരിക്കുകയുമാണ്.

കേന്ദ്രസർക്കാരിന്റെ ലോഗോ പതിച്ച ക്യാരി ബാഗുകൾ ഭക്ഷ്യധാന്യ വിതരണം നടത്താനുള്ള പരിപാടിയായി മുന്നോട്ടുവച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യ വിതരണം തിരഞ്ഞെടുപ്പു വർഷത്തിൽ ഈ വിധത്തിൽ പ്രചാരണത്തിനു ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ ഒരുവിധത്തിലും അംഗീകരിക്കില്ലെന്നായിരുന്നു ജി.ആർ അനിൽ പറഞ്ഞത്. 

റേഷൻ കടകളുടെ ബ്രാന്‍ഡിംഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും ദേശീയ ഭക്ഷ്യ സുരക്ഷ നിമയത്തിന്റെ ലോഗോയും അടങ്ങുന്ന ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 500 റേഷൻ കടകൾക്ക് സമീപം സ്ഥാപിക്കുമോയെന്നും തുക ഇതിനായുള്ള തുക ഏതു ഫണ്ടില്‍ നിന്നും വിനിയോഗിക്കും എന്നുമായിരുന്നു അബ്ദുൽ ഹമീദിന്റെ ചോദ്യം. 

English Summary:

Prime minister's photo will not be placed infront of ration shops : pinarayi vijayan

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com