ADVERTISEMENT

ദോഹ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റൻമാരായ നവ്‌തേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.

ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായതു മുതൽ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ‍ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന പൂർണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാൻ ജേതാവാണ്. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒമാൻ സ്വദേശി ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്നു ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നജ്മിയെ പിന്നീടു ജാമ്യത്തിൽ വിട്ടിരുന്നു.

18 മാസം, ഒടുവിൽ ആശ്വാസം

2022 ഓഗസ്റ്റ് 30: അൽ ദഹ്റ കമ്പനി ഉദ്യോഗസ്ഥരായ 8 ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു.

∙ 2023 മാർച്ച് 25: എട്ടു പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം.

∙ മാർച്ച് 29: വിചാരണയ്ക്ക് തുടക്കം.

∙ ഒക്ടോബർ 29: ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു.

∙ നവംബർ 9: നാവികർ അപ്പീൽ നൽകി.

∙ ഡിസംബർ 28: എട്ടു പേരുടെയും വധശിക്ഷയിൽ ഇളവ്.

∙ 2024 ഫെബ്രുവരി 12: എട്ടു പേരെയും മോചിപ്പിച്ചു

English Summary:

Qatar court releases 8 former Indian Navy personnel; 7 back in India: MEA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com