പാവപ്പെട്ട കുടുംബങ്ങൾക്ക് ‘മുഫ്‌ത് ബിജ്‌ലി’ സൗജന്യ വൈദ്യുതി പദ്ധതി; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ പുരപ്പുറ സൗരോർജ വൈദ്യുതി ഉത്‌പാദനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ‘പിഎം സൂര്യ ഘർ മുഫ്‌ത് ബിജ്‌ലി യോജന’ സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്നതാണ് പദ്ധതി. 75,000 കോടി രൂപ ചെലവിട്ടാകും പദ്ധതി നടപ്പാക്കുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
‘‘സുസ്‌ഥിര വികസനം ഉറപ്പാക്കുന്നതിനും, ജനങ്ങളുടെ ക്ഷേമത്തിനായും പിഎം സൂര്യ ഘർ മുഫ്‌ത് ബിജ്‌ലി യോജന പദ്ധതി പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഒരുകോടി കുടുംബങ്ങളിൽ വെളിച്ചമെത്തിക്കുന്നതിനായി പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതാകും പദ്ധതി. 75,000 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയാകുമിത്. ഈ പദ്ധതി കൂടുതൽ വരുമാനത്തിനും കുറഞ്ഞ വൈദ്യുതി ബില്ലിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും’’– പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
പദ്ധതിയുടെ ഭാഗമായി സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിലും, ഇളവുകളോടെ പദ്ധതിക്ക് ബാങ്ക് വായ്‌പ ലഭിക്കുന്നതിലുമെല്ലാം പദ്ധതിയുടെ അധികഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുണഭോക്‌താക്കളെ ദേശീയ പോർട്ടൽ വഴി ബന്ധിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. താഴെതട്ടിൽ പുരപ്പുറ സൗരോർജ പദ്ധതി പ്രചരിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്ക് കരുത്തേകാൻ യുവാക്കളുടെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.