ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും രാജ്യസഭയിലേക്ക്
Mail This Article
ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു. മധ്യപ്രദേശിൽനിന്നും ഒഡീഷയിൽനിന്നുമുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പേരുകളാണു ബിജെപി പുറത്തുവിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാർക്കു വീണ്ടും അവസരം നൽകി. അശ്വിനി വൈഷ്ണവ് ഒഡീഷയിൽനിന്നും എൽ.മുരുകൻ മധ്യപ്രദേശിൽനിന്നും നാമനിർദേശ പത്രിക സമർപ്പിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് എത്തും. കോണ്‍ഗ്രസ് വിട്ട് എത്തിയ അശോക് ചവാനും രാജ്യസഭാംഗമാകും.
Read Also: ‘ഇതാണോ മോദി ഗാരന്റി, കന്റീനിൽ സംഭവിച്ചതെന്ത്?: പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ’
രണ്ടു സംസ്ഥാനങ്ങളിൽനിന്നുമായി അഞ്ച് സ്ഥാനാർഥികളുടെ പേരുകളാണു ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശിൽ എൽ.മുരുകൻ, ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബൻസിലാൽ ഗുർജർ എന്നിവരും ഒഡീഷയിൽനിന്ന് അശ്വിനി വൈഷ്ണവുമാണ് മത്സരിക്കുന്നത്.
അശ്വിനി വൈഷ്ണവിന് ഒഡീഷയിലെ ഭരണകക്ഷി ബിജെഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അവർ പ്രസ്താവന പുറത്തിറക്കി. 2019 ലും അശ്വിനി വൈഷ്ണവിനെ ബിജെഡി പിന്തുണച്ചിരുന്നു. ഒഡീഷയിൽ ഒഴിവുള്ള മൂന്നു സീറ്റുകളിൽ രണ്ടു സ്ഥാനാർഥികളെയാണ് ബിജെഡി പ്രഖ്യാപിച്ചിരിക്കുന്നത്. 2010 വരെ ഒഡീഷയിൽ സിവിൽ സർവീസിൽ ഉണ്ടായിരുന്ന ആളാണ് അശ്വിനി വൈഷ്ണവ്.
ഫെബ്രുവരി 27-നാണു രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 4 വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. വൈകീട്ട് 5 ന് വോട്ടെണ്ണൽ നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം ഫെബ്രുവരി 15 ആണ്. മഹാരാഷ്ട്രയിൽ നിന്നുളള രാജ്യസഭാംഗമായ വി മുരളീധരൻ അടക്കം കേന്ദ്രമന്ത്രിമാരുടെ കാലാവധി പൂർത്തിയാവുകയാണ്.