‘ഭർത്താവ് സ്വന്തം അമ്മയ്ക്ക് പണവും സമയവും നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമല്ല’

Mail This Article
മുംബൈ ∙ ഭർത്താവ് സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണം നൽകുന്നതും ഭാര്യയ്‌ക്കെതിരായ ഗാർഹികപീഡനമായി കണക്കാക്കാനാകില്ലെന്നു മുംബൈ കോടതി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട സ്ത്രീയുടെ ഹർജി ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി തള്ളി. മുംബൈയിലെ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആശിഷ് അയാചിത് ആണ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി ഇക്കാര്യം നിരീക്ഷിച്ചത്.
സ്ത്രീയുടെ ആരോപണങ്ങൾ അവ്യക്തവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങൾ സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും സ്ത്രീ സമർപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയായ സ്ത്രീ ഗാർഹികപീഡന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഭർത്താവ് തനിക്കു വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്നും പണം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഹർജി.
ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും സംരക്ഷണവും നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെട്ടു. മാതാവിന് മാനസികപ്രശ്നമുണ്ടെന്ന കാര്യം മറച്ചുവച്ചാണ് ഭർത്താവ് തന്നെ വിവാഹം ചെയ്തത്. താൻ ജോലിക്കു പോകുന്നതിനെ ഭർതൃമാതാവ് എതിർക്കുന്നതായും ഭർത്താവും ഭർതൃമാതാവും നിരന്തരം ഉപദ്രവിക്കുന്നതായും സ്ത്രീ ഹർജിയിൽ പറയുന്നു.
1993 സെപ്റ്റബർ മുതൽ 2004 ഡിസംബർ വരെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം ഇന്ത്യയിൽ അവധിക്ക് വരുമ്പോഴൊക്കെ അമ്മയെ കാണാൻ പോകുകയും അവർക്ക് ഓരോ വർഷവും 10,000 രൂപ വീതം നൽകുകയും ചെയ്തു. അദ്ദേഹം അമ്മയുടെ നേത്ര ശസ്ത്രക്രിയയ്ക്കും പണം നൽകി. ഭർത്താവിന്റെ മറ്റു ബന്ധുക്കൾ തന്നെ ഉപദ്രവിക്കാറുണ്ടെന്നും സ്ത്രീ ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഇവരുടെ ഭർത്താവ്, തന്നെ ഒരിക്കലും അവർ ഭർത്താവായി കണ്ടിട്ടില്ലെന്നും എപ്പോഴും കള്ളപ്രചാരണങ്ങൾ ഉയർത്താറുണ്ടെന്നും അറിയിച്ചു. അവരുടെ ക്രൂരതകൾ സഹിക്കവയ്യാതെ കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ എൻആർഇ അക്കൗണ്ടിൽനിന്ന് 21.68 ലക്ഷം തന്റെ അറിവില്ലാതെ എടുത്ത് അവരുടെ പേരിൽ ഫ്ലാറ്റു വാങ്ങിയെന്നും ഭർത്താവ് ആരോപിച്ചു.
കേസിന്റെ വിചാരണസമയത്ത് യുവതിക്ക് നഷ്ടപരിഹാരമായി പ്രതിമാസം 3,000 രൂപ നൽകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിചാരണ പൂർത്തിയായി സ്ത്രീയുടെ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി പണം നൽകണമെന്ന ഉത്തരവും റദ്ദാക്കി. ഇതിനെതിരെയാണ് അവർ സെഷൻസ് കോടതിയെ സമീപിച്ചത്. ഇവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് സെഷൻസ് കോടതി ഹർജി തള്ളി. ഭർത്താവ് വിവാഹമോചന ഹർജി നൽകിയതിനു ശേഷമാണ് സ്ത്രീ കോടതിയെ സമീപിച്ചതെന്നും അവരുടെ ആരോപണങ്ങൾ ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു.