‘പ്രിയദർശന്റെ കൂടെ കുത്തിനാണ് ഇന്ദിര ഗാന്ധിയുടെ പേര് വെട്ടിയത്’: സഭയിൽ രൂക്ഷവിമർശനവുമായി ജലീൽ
Mail This Article
തിരുവനന്തപുരം∙ ചലച്ചിത്ര സംവിധായകൻ പ്രിയദർശന് എതിരെ രൂക്ഷവിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ കേന്ദ്രസർക്കാർ ഒഴിവാക്കിയതിനെതിരെ സംസാരിക്കവേയാണ് സഭയിൽ പ്രിയദർശനെതിരെ എംഎൽഎ കടുത്ത വിമർശനം ഉന്നയിച്ചത്. നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ.
‘‘നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിര ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‍കാരത്തിൽ നിന്ന് നടി നർഗീസ് ദത്തിന്‍റെ പേരും ഒഴിവാക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്ന സമിതിയിൽ മലയാളിയായ ഒരാളുണ്ടെന്നത് വേദനിപ്പിക്കുന്നു. കേരളത്തിലെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനാണ് അത്. പ്രിയദർശന്റെ കൂടെ കുത്തിനാണ് ഇന്ദിര ഗാന്ധിയുടെ പേര് വെട്ടിമാറ്റിയത്. പ്രിയദർശനാണ് നർഗീസ് ദത്തിന്റെ പേര് വെട്ടിമാറ്റിയതിനു കൂട്ടുനിന്നത്’’–കെ.ടി.ജലീൽ ആരോപിച്ചു. ഇത്രയും വലിയ വാർത്ത വന്നിട്ട് കോൺഗ്രസ് നേതൃത്വം എവിടെയെങ്കിലും പ്രതിഷേധിച്ചോയെന്നും ജലീൽ ചോദിച്ചു.
സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരങ്ങളിൽനിന്ന് ഇന്ദിര ഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കിയത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുന്നതിനായി വാർത്താവിതരണ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. 70–ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്.