സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Mail This Article
ന്യൂഡൽഹി∙ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. ജയ്പുരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സോണിയയെ രാഹുലും പ്രിയങ്കയും അനുഗമിച്ചു. മൻമോഹൻ സിങ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മൽസരിക്കുന്നത്. ബിഹാറിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ പിസിസി അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങും ഹിമാചൽപ്രദേശിലെ സീറ്റിൽ അഭിഷേക് മനു സിങ്‌വിയും മൽസരിക്കും. ചന്ദ്രകാന്ത് ഹന്ദോരെയാണ് മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മൽസരിക്കുക.
തെലങ്കാനയിൽ നിന്ന് രേണുക ചൗധരിയും അനിൽ കുമാർ യാദവും മത്സരിക്കും. കർണാടകയിൽ നിന്ന് അജയ് മാക്കൻ, സയ്ദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരും മധ്യപ്രദേശില്‍ നിന്ന് അശോക് സിങ്ങും രാജ്യസഭയിലേക്ക് മത്സരിക്കും.
ഫെബ്രുവരി 27നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, കെ.സി.വേണുഗോപാല്‍ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തതായാണു വിവരം. ഇതോടെ പൊതു തിരഞ്ഞെടുപ്പിൽ സോണിയ മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം ഉറപ്പായി.
22 വർഷം കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ അഞ്ചുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 പേരാണു രാജ്യസഭയിൽ നിന്നും ഏപ്രില്‍ മാസം വിരമിക്കുന്നത്. ഫെബ്രുവരി 15നാണു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയതി.
1964 മുതൽ 1967 വരെ രാജ്യസഭാംഗമായിരുന്ന ഇന്ദിരഗാന്ധിയ്ക്കു ശേഷം നെഹ്റു കുടുംബത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണു സോണിയ. ആരോഗ്യസ്ഥിതി കണക്കിലെടുത്താണു സോണിയ തിരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ടു രാജ്യസഭയിലേക്കു പോകുന്നത്. രാജസ്ഥാനും ഹിമാചൽ പ്രദേശുമാണ് രാജ്യസഭയിലേക്കു മൽസരിക്കാൻ സോണിയയ്ക്കു വേണ്ടി പാർട്ടി കണ്ടെത്തിയ രണ്ടു സംസ്ഥാനങ്ങൾ. ഇതിൽ നിന്നും സോണിയ രാജസ്ഥാൻ തിരഞ്ഞെടുക്കുകയായിരുന്നു.