പൊതുവിപണിയില്‍ കൃത്രിമ വിലക്കയറ്റത്തിന് ഇടയാകും: വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙ സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ പൊതുവിപണിയില്‍ കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എന്നിവ സർക്കാർ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാത്തരത്തിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയില്‍ വില കൂട്ടിയത്.
നിയമസഭാ സമ്മേളനത്തില്‍ സപ്ലൈകോയുടെ തകര്‍ച്ചയെക്കുറിച്ച് മൗനം അവലംബിച്ച മന്ത്രിയും മുഖ്യമന്ത്രിയുമാണ് അതിന്റെ പിറ്റേ ദിവസം 13 നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണിത്. അധികാരത്തില്‍ എത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് വാക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയും ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒന്നു കൂടി ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.