എൽഡിഎഫ് കൺവീനർക്കും ഗൺമാനും അനുകൂലമായുള്ള കുറ്റപത്രത്തിനെതിരെ തടസ്സ ഹര്‍ജി
Mail This Article
തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കായികമായി കൈകാര്യം ചെയ്ത എൽഡിഎഫ് കൺവീനർക്കും മുഖ്യമന്ത്രിയുടെ ഗൺമാനും അനുകൂലമായി കുറ്റപത്രം നൽകിയതിനെതിരെ തടസ്സ ഹര്‍ജി. വലിയതുറ പൊലീസിന്റെ റിപ്പോർട്ടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും ആർ.കെ.നവീൻ കുമാറുമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ആറ്) തടസ്സഹർജി നൽകിയത്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവരാണ് എതിർകക്ഷികൾ. വലിയതുറ പൊലീസ് സമർപ്പിച്ച കുറ്റപത്രം വസ്തുതയ്ക്കു നിരക്കാത്തതാണെന്നു ഹർജിയിൽ പറയുന്നു. കൃത്യമായ അന്വേഷണം നടത്താതെ ഒരു വിഭാഗത്തിനുവേണ്ടി കെട്ടിച്ചമച്ചതാണു കുറ്റപത്രം. വിമാനത്തിലെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭ്യമായിരുന്നെങ്കിലും പൊലീസ് അന്വേഷിച്ചില്ല. ദൃശ്യമുണ്ടായിരുന്ന ഫോണിൽനിന്നു പൊലീസ് ദൃശ്യം നശിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങളുണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചില്ല. വിമാനത്തിലെ ക്യാപ്റ്റന്റെയോ കാബിൻ ക്രൂവിന്റെയോ മൊഴി രേഖപ്പെടുത്തിയില്ല. സംഭവത്തെക്കുറിച്ചു ശരിയായി അന്വേഷണം നടത്തണമെന്നും അഡ്വ. മൃദുൽ ജോൺ മാത്യു വഴി സമർപിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2022 ജൂണിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ തള്ളി നിലത്തേക്കിട്ടു. വലിയതുറ പൊലീസാണ് കേസെടുത്തത്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും പിഎയ്ക്കും അനുകൂലമായാണ് വലിയതുറ പൊലീസ് റിപ്പോർട്ട് നൽകിയത്.