‘സോണിയയുടെ ലക്ഷ്യം രാഹുലിന്റെ പ്രധാനമന്ത്രി പദം; രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസ്’
Mail This Article
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിനു അവരുടെ കുട്ടികളെ മികച്ച സ്ഥാനത്തെത്തിക്കുക മാത്രമാണു ലക്ഷ്യമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് അമിത് ഷാ നടത്തിയത്.
‘‘എന്താണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം? ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. സോണിയ ഗാന്ധിയുടെ ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ്. പവാർ സാഹിബിനു മകളെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. മമതാ ബാനർജിക്ക് മരുമകനെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. സ്റ്റാലിനും ലാലു പ്രസാദിനും ഉദ്ധവ് താക്കറെയ്ക്കും മക്കളെ മുഖ്യമന്ത്രിയാക്കുക തന്നെയാണു ലക്ഷ്യം. തന്റെ മകനെ മുഖ്യമന്ത്രിയാക്കിയതു ഉറപ്പിക്കാൻ മുലായം സിങ് യാദവിനായി. കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നോക്കുന്നവർ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ല’’ – അമിത് ഷാ പറഞ്ഞു.
പ്രീണന രാഷ്ട്രീയം കാരണമാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതെന്നും അമിത് ഷാ ആരോപിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസാണ്. അഴിമതിയും സ്വജനപക്ഷപാതവും ജാതീയതയും ജനാധിപത്യത്തിൽ കൂട്ടികലർത്തിയായിരുന്നു കോൺഗ്രസ് രാജ്യം ഭരിച്ചത്. എന്നാൽ പത്തുവർഷത്തെ മോദി ഭരണം ഇവയെ എല്ലാം തുടച്ചുനീക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
ആദിവാസികൾ, ദലിതർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരെയെല്ലാം കോണ്‍ഗ്രസ് വോട്ടു ബാങ്കുകളായി മാത്രമായാണു കണ്ടത്. തീവ്രവാദവും നെക്സിലസവും രാജ്യത്തുനിന്നു തുടച്ചുനീക്കപ്പെടുകയാണ്. അവയിൽനിന്നെല്ലാം രാജ്യത്തെ മോചിപ്പിക്കുന്ന സർക്കാരാകും മോദിയുടെ മൂന്നാമത്തെ ഭരണമെന്നും അമിത് ഷാ പറഞ്ഞു.