വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; പരിഭ്രാന്തരായി ഓടി അതിഥികൾ- വിഡിയോ
Mail This Article
ഭോപ്പാൽ∙ മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരുക്ക്. ഗുണജില്ലയിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. ഹോട്ടലിന്റെ മേൽക്കുരയില്‍ നിലയുറപ്പിച്ചിരുന്ന തേനീച്ചക്കൂട്ടം വിവാഹത്തിനെത്തിയവരെ ആക്രമിക്കുകയായിരുന്നു.
കസ്തൂരി ഗാർഡൻ എന്ന ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. തേനീച്ചക്കൂട്ടം ആക്രമിക്കാൻ തുടങ്ങിയതോടെ വിവാഹത്തിനെത്തിയവർ പരിഭ്രാന്തരായി ഓടി. തേനീച്ചകള്‍ ആളുകളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരുടെയും മുഖത്തും കൈകാലുകളിലുമാണ് തേനീച്ചകളുടെ കുത്തേറ്റത്. ചിലരുടെ പരുക്ക് ഗുരുതരമാണെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.
അധികൃതരുടെ കൃത്യമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. ആരോഗ്യവിദഗ്ധർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പരുക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഗുരുതരമായി പരുക്കേറ്റവര്‍ തൊട്ടടുത്ത ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ അധികൃതരുടെ അനാസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്ന് ആരോപണം ഉയർന്നു.