ADVERTISEMENT

കൊച്ചി∙ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണു ബിജെപി ചെയ്യുന്നതെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലുവയിൽ  നൽകിയ സ്വീകരണ യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ആലുവയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ആലുവയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

പത്തുവർഷം  രാജ്യം ഭരിച്ച മോദി സർക്കാരിന് കാതലായ ഒരു വികസന പ്രവർത്തനവും ചൂണ്ടിക്കാണിക്കാനില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള സമാനതകളില്ലാത്ത പദ്ധതികൾ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇന്ത്യയെ ദരിദ്ര രാജ്യമാക്കി മാറ്റി. പ്രതിവർഷം രണ്ടു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. പെട്രോൾ വില 35 രൂപയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള തന്ത്രമായിരുന്നു.

കേരളം സാമ്പത്തികമായി തകർന്നു തരിപ്പണമായിരിക്കുകയാണ്. കേരളത്തിൽനിന്നു പുതുതലമുറ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനു കാരണം അവർക്ക് ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും പുതുതലമുറ തൃപ്തരല്ല. കലാലയങ്ങൾ കലാപഭൂമിയാക്കി മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തിയതായും ചെന്നിത്തല പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ

നിയമവാഴ്ച അവതാളത്തിലായ കേരളത്തിൽ ലഹരി വ്യാപനവും അക്രമവും വർധിച്ചതായി കെ.സുധാകരൻ പറഞ്ഞു. പിഞ്ചുകുട്ടികൾ പോലും ഇവിടെ സുരക്ഷിതരല്ല.വാളയാറിലും വണ്ടിപ്പെരിയാറിലും മൂന്നു കുട്ടികളുടെ മാനവും ജീവനുമാണ് പിച്ചിച്ചീന്തിയത്. പ്രതികൾ സിപിഎമ്മുകാരായതിനാൽ പൊലീസ് നടപടി പോലും മരവിപ്പിച്ചു. വിലക്കയറ്റം പിടിച്ചുനിർത്തുവാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. മോദി-പിണറായി കൂട്ടുകെട്ടിൽ അഴിമതിയുടെയും തട്ടിപ്പിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണു നാടെന്നും സുധാകരൻ പറഞ്ഞു.

ഇതൊരു മഹായുദ്ധമാണെന്നു പറഞ്ഞായിരുന്നു വി.ഡി.സതീശന്റെ പ്രസംഗം. നമുക്കു ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തോൽക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവുമായിരിക്കും. വർഗീയതയെ ഈ മണ്ണിൽ കുഴിച്ചുമൂടി, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വീറുറ്റ പോരാളികളെ പോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും രംഗത്തെത്തണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്കിടെ പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്ന ഹൈബി ഈഡൻ എംപിയും എൽദോസ് കുന്നപ്പിളളി എംഎല്‍എയും
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്കിടെ പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്ന ഹൈബി ഈഡൻ എംപിയും എൽദോസ് കുന്നപ്പിളളി എംഎല്‍എയും

ക്ഷേമം ഉറപ്പാക്കും: കെ.ജെ.ജോർജ്

അധികാരത്തിൽ വന്നാൽ അടിസ്ഥാന വിഭാഗം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നതു കോൺഗ്രസിന്റെ ദേശീയ നയമാണെന്നു കർണാടക മന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ  കെ.ജെ.ജോർജ്. കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾക്കു സൗജന്യ യാത്ര സാധ്യമാക്കി. സൗജന്യമായി അരി നൽകുന്നു. ബിരുദധാരികൾക്ക്  ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 3000 രൂപയും  ഡിപ്ലോമ നേടിയവർക്ക് 1500 രൂപയും നൽകിവരുന്നു.

നിർധനർക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം, അധികാരത്തിൽ വന്നു വൈകാതെ തന്നെ ഞങ്ങൾ ഈ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിവച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം ലഭിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാമെന്നും ജോർജ് പറഞ്ഞു

English Summary:

BJP spreads politics of hate : Ramesh chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com