‘മോദി പരാമർശിച്ചത് വലിയ അംഗീകാരം’: സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി, നന്ദിയെന്ന് യാമി– വിഡിയോ
Mail This Article
ന്യൂഡൽഹി∙ നടി യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങുന്ന ‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ സന്ദർശനത്തിനിടെ വൻ ജനാവലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ സിനിമ കാണാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് യാമി ഗൗതവും രംഗത്തെത്തി.
ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 23ന് തിയറ്ററിൽ എത്താനിരിക്കെയാണ് പ്രധാനമന്ത്രി വക അപ്രതീക്ഷിത ‘പ്രമോഷൻ’ കിട്ടിയത്. ‘‘ആർട്ടിക്കിൾ 370നെക്കുറിച്ച് ഈ ആഴ്ച ഒരു സിനിമ പുറത്തിറങ്ങുന്നതായി അറിഞ്ഞു. ഈ വിഷയത്തിൽ ആളുകൾക്ക് കൃത്യമായ വിവരവും ധാരണയും ലഭിക്കാൻ സിനിമ സഹായിക്കുന്നത് നല്ല കാര്യമാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
‘‘ആർട്ടിക്കിൾ 370 എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വിധത്തിൽ അസാമാന്യമായ കഥ നിങ്ങളിലേക്ക് എത്തിക്കാനാകുമെന്നു തന്നെ ഞാനും ടീമും ഉറച്ചു വിശ്വസിക്കുന്നു’– മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവച്ച് യാമി ഗൗതം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അര മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിൽ, വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് 370 സീറ്റുകൾ നൽകണമെന്നു മോദി അഭ്യർഥിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ അഭ്യർഥന. ഏപ്രിൽ – മേയ് മാസങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിൽ എത്തിയത്.
രാഷ്ട്രീയം പ്രമേയമാക്കുന്ന ‘ആർട്ടിക്കിൾ 370’ എന്ന ആക്‌ഷൻ സിനിമയിൽ എൻഐഎ ഏജന്റായാണ് യാമി ഗൗതം അഭിനയിക്കുന്നത്. മലയാളികൾക്ക് സുപരിചിതയായ പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. ഇവർക്കു പുറമേ അരുൺ ഗോവിൽ, വൈഭവ്, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ, കിരൺ കർമാർകർ, അശ്വനി കുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആദിത്യ ധർ, മൊണാൽ താക്കർ എന്നിവരുെട കഥയ്ക്ക് ആദിത്യ സുഹാസാണു തിരക്കഥ എഴുതിയത്.