‘പിന്നാക്ക വിഭാഗക്കാർ ഒപ്പം വരുന്നതിൽ ചിലർക്ക് വേവലാതി, ഞാൻ ഒരു ബ്രാഹ്മണൻ ഒന്നുമല്ലല്ലോ?’

Mail This Article
തൃശൂർ∙ എസ്‍സി – എസ്ടി നേതാക്കൾക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതു തെറ്റാണോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു നേതാക്കൾക്കൊപ്പം ഇരുന്നും ഭക്ഷണം കഴിക്കാറുണ്ട്. പിന്നാക്ക വിഭാഗക്കാർ ഒപ്പം വരുന്നതിൽ ചിലർക്കു വേവലാതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘ചിലയാളുകളുടെ ദുഷ്ടബുദ്ധിയിൽനിന്നു വരുന്ന വാർത്തയാണിത്. എസ്‍സി–എസ്ടി നേതാക്കൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? പിണറായി വിജയനെ പോലെ പാറമട മുതലാളിമാർ, മദ്യമാഫിയകൾ, മാസപ്പടിക്കാർ എന്നിവരോടൊപ്പം അല്ല ഞാൻ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്നത്. ഞാൻ വലിയ ബ്രാഹ്മണൻ ഒന്നുമല്ലല്ലോ?ബ്രാഹ്മണൻ ആയിരുന്നിട്ട് ഒരു പട്ടികജാതിക്കാരനെ ഞാൻ ആക്ഷേപിച്ചെങ്കിൽ നിങ്ങൾ പറയൂ. ഞാനൊരു പിന്നാക്ക ജാതിക്കാരനാണ്. പണ്ടു കാലത്ത് എസ്‍സി–എസ്ടി നേതാക്കളൊക്കെ എൽഡിഎഫ് വിളിച്ചാൽ മാത്രമേ പോകുമായിരുന്നുള്ളൂ. ഇന്ന് പ്രമുഖരായ പല എസ്‍സി–എസ്ടി നേതാക്കളും നമുക്കൊപ്പം വരുന്നുണ്ട്. കെപിഎംഎസിൽനിന്നടക്കം പ്രമുഖരായ നേതാക്കൾ വരുംദിവസങ്ങളിൽ എൻഡിഎക്കൊപ്പം ചേരും. ചിലപ്പോൾ അവരൊക്കെ സ്ഥാനാർഥികളായും മൽസരിക്കും. അതിലൊന്നും ആരും വേവലാതിപ്പെട്ടിട്ടു കാര്യമില്ല’’ – സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററാണ് കഴിഞ്ഞദിവസം വിവാദത്തിലായത്. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ട് ഇറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം 'എസ്സി-എസ്ടി നേതാക്കളും ഒന്നിച്ച്' എന്നെഴുതിയതാണ് വിവാദമായത്. ബിജെപിയുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.