കൊറിയർ ജീവനക്കാരുടെ പക്കൽ 2500 കോടി രൂപയുടെ മെഫഡ്രോൺ; വൻ ലഹരിവേട്ട
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലും പുണെയിലും പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരിവേട്ടയിൽ 1,100 കിലോ മെഫഡ്രോൺ പിടികൂടി. രണ്ടുദിവസമായി നടന്ന റെയ്ഡിൽ 2500 കോടി രൂപയുടെ ലഹരിയാണു പിടികൂടിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കൊറിയർ കമ്പനിയുടെ മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.
പുണെയിൽ നടന്ന റെയ്ഡിൽ സംഘത്തിലെ മൂന്നുപേർ ആദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ 700 കിലോ മെഫഡ്രോണാണ് ആദ്യം കണ്ടെത്തിയത്. ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ഡൽഹിയിലെ രഹസ്യസങ്കേതമായ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ബാക്കി മയക്കുമരുന്നിന്റെ വിവരം കൂടി ഇവരിൽനിന്നു പുറത്തുവന്നു. പുണെ പൊലീസ് ഡൽഹി പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇതിനുപുറമെ പുണെയിൽ തന്നെ സൂക്ഷിച്ചിരുന്ന മറ്റൊരു ലഹരിമരുന്നു ശേഖരത്തിന്റെ വിവരങ്ങളും പൊലീസിനു കിട്ടി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണു പുണെയിലും ഡൽഹിയിലുമായി നടന്നത്. പുണെയിലെ ഗോഡൗണില്‍നിന്ന് ഡൽഹിയിലേക്ക് എത്തിച്ചായിരുന്നു ലഹരി വിൽപന നടത്തിയിരുന്നത്. പുണെയിലെ ലഹരി മാഫിയ തലവൻ ലളിത് പാട്ടീലിനു ഇവരുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നേരത്തെയും പൊലീസ് കേസുകളുണ്ട്.