മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കാബിനറ്റ് പദവി, പൊലീസ് വകുപ്പില്‍ 190 തസ്‌തികകൾ; മന്ത്രിസഭായോഗ തീരുമാനങ്ങൾ
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പൊലീസ് വകുപ്പിൽ 190 കോൺസ്‌റ്റബിൾ–ഡ്രൈവർ തസ്‌തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
ഇതിനു പുറമെ ധനസഹായത്തിനും വിവിധ പദ്ധതികൾക്കുള്ള ഭരണാനുമതിയും യോഗം അംഗീകരിച്ചു. സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് 11–ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നതിന് അംഗീകാരം നൽകി.
Read Also:ടി.പി. വധത്തിൽ കുറ്റക്കാരെന്നു വിധിച്ച 2 സിപിഎം നേതാക്കൾ കീഴടങ്ങി; ഒരാൾ വന്നത് ആംബുലൻസിൽ
2018,2019 വർഷങ്ങളിലെ പ്രളയത്തിൽ വീടും, കാലിത്തൊഴുത്തും തകർന്ന ഇടുക്കി മേലെച്ചിന്നാൽ സ്വദേശി ടി.ടി.ജിജിക്ക് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. വസ്‌തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആറുലക്ഷവും വീടു നിർമിക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം നാലുലക്ഷം രൂപയുമാണ് അനുവദിച്ചത്.
കാസർകോട്, വയനാട് വികസന പാക്കേജുകളിലാണ് വിവിധ പദ്ധതികൾക്ക് ഭരണാനുമതി. കാസർകോട് പാക്കേജിൽ ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംന്തോഡ് റോഡിന് - 8.50 കോടി, പെരിയ- ഒടയഞ്ചാല്‍ റോഡിന് - 6 കോടി, ചാലിങ്കാല്‍-മീങ്ങോത്ത-അമ്പലത്തറ റോഡിന് 5.64 കോടിയും അനുവദിച്ചത്. വയനാട് പാക്കേജിൽ ശുദ്ധമായ പാൽ ശുദ്ധമായ പാല്‍ ഉല്‍പാദനം, ശുചിത്വ കിറ്റ് വിതരണ എന്നിവയ്‌ക്കായി - 4.28 കോടി രൂപ അനുവദിച്ചു.
കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം.ചാക്കോയെ നിയമിക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് നിയമനം. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്.സനോപിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. അന്യത്രസേവന വ്യവസ്ഥയിലാണിത്. പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂളിൽ നിലവിലുള്ള, യോഗ്യതയുള്ളതും പ്രായപരിധിയ്‌ക്കകത്തുമുള്ളതുമായ 6 ജീവനക്കാരെ നിയമിക്കും.
തൃശൂരിൽ സീതാറാം ടെക്‌സ്‌റ്റൈൽസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ താമസിക്കുന്ന ആറു കുടുംബങ്ങളിലെ നിയമാനുസൃത അവകാശികൾക്ക് സ്ഥലം വിട്ടുനൽകാൻ അനുമതി നൽകി. 1958 മുതൽ താമസിക്കുന്ന ഇവർക്ക് വ്യവസ്ഥകൾക്കു വിധേയമായി വില ഈടാക്കിയാണ് ഭൂമി വിട്ടുനൽകുക. മുൻസിഫ് മജിസ്‌്ട്രേട്ട് തസ്‌തിക നിയമനത്തിൽ വിമുക്ത ഭടന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവു നൽകും. 1991ലെ കേരള ജ്യുഡീഷ്യല്‍ സര്‍വ്വീസ് റൂള്‍ ഭേദഗതി ചെയ്താണ് തീരുമാനം.