ADVERTISEMENT

നേമം ∙ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ, യുവതിക്കു നൽകിയത് അക്യുപങ്ചർ ചികിത്സയെന്നു വിശദീകരണം. പ്രസവത്തിനിടെ നവജാത ശിശുവും മരിച്ചിരുന്നു. ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണ് യുവതിയെ ചികിത്സിച്ചതെന്നാണു വിവരം. അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

Read more at: കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആധുനിക ചികിത്സ നൽകാതെ വീട്ടിൽ പ്രസവിക്കാൻ ഭർത്താവ് പൂന്തുറ സ്വദേശി നയാസ് ഷമീറയെ നിർബന്ധിച്ചതായി പൊലീസ് വെളിപ്പെടുത്തി. ചികിത്സ നൽകാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുൻപ് മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതു മൂന്നും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ നാലാമതും ഗർഭിണിയായപ്പോൾ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചർ ചികിത്സ മതിയെന്നും ഭർത്താവ് നയാസാണ് തീരുമാനിച്ചത്. 

അതേസമയം, നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യയിലെ മകൾ അക്യുപങ്‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവർ ഉൾപ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് സംഭവം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.

തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവർ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീൽ ചെയ്തു.

English Summary:

Palakkad Mother and Newborn Die in Thiruvananthapuram Amid Acupuncture Treatment, Says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com