‘കോൺഗ്രസ് – എഎപി സഖ്യം വന്നാൽ കേജ്രിവാളിനെ മൂന്നോ നാലോ ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യും’
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസുമായോ ഇന്ത്യാ സഖ്യവുമായോ ആം ആദ്മി പാർട്ടി (എഎപി) സഖ്യത്തിൽ ഏർപ്പെട്ടാൽ അരവിന്ദ് കേജ്‌രിവാളിനെ അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യം അന്തിമ ഘട്ടത്തിലെത്തുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അതിഷിയുടെ പ്രസ്താവന പുറത്തുവന്നത്.
എഎപി ഇന്ത്യാ സഖ്യം വിട്ടില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്യുമെന്നാണു ഞങ്ങൾക്കു ഭീഷണി ലഭിച്ചിരിക്കുന്നത്. ഒന്നുകിൽ ശനിയാഴ്ചയോ തിങ്കളാഴ്ചയോ സിആർപിസി സെക്‌ഷൻ 41എ പ്രകാരം, അദ്ദേഹത്തെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യും. കേജ്‍രിവാളിനെ അറസ്റ്റിൽനിന്നും ഒഴിവാക്കാനുള്ള ഏക മാർഗം എഎപി പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിൽനിന്നു പുറത്തുപോവുക എന്നതാണെന്നാണു സന്ദേശവാഹകർ പറയുന്നതെന്നും അതിഷി പറഞ്ഞു.
അതിനിടെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ നാലെണ്ണത്തിൽ എഎപി മത്സരിക്കുകയും ബാക്കി മൂന്നെണ്ണം സഖ്യകക്ഷിയായ കോൺഗ്രസിനു കൊടുക്കുകയും ചെയ്യും. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസ് – എഎപി നേതാക്കൾ തമ്മിൽ നടത്തുകയാണ്. അതിനിടെയാണ് അതിഷി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.