ADVERTISEMENT

കൊച്ചി ∙ കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനവും സ്ത്രീകളുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 8,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 1,500 കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നവകേരള സ്ത്രീസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

Read Also: ആറ് ജില്ലകളില്‍ താപനില വീണ്ടും ഉയരും; ജാഗ്രതാ നിര്‍ദേശം...

‘‘സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് സന്തോഷകരമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനായി ആവിഷ്കരിച്ച പദ്ധതിയില്‍ ഒരു വര്‍ഷംകൊണ്ട് 1,39,000ത്തിലധികം സംരംഭങ്ങളാരംഭിച്ചു. അതില്‍ 43,000 ത്തിലധികം സംരംഭങ്ങള്‍ സ്ത്രീകളുടേതായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ സംസ്ഥാനം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് മനസ്സിലാക്കാം.

തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ സമയബന്ധിതമായി നടപടിയെടുക്കണം. തൊഴിലിടങ്ങളിലും ഓഫിസുകളിലും സ്ത്രീകള്‍ നേരിടുന്ന ശാരീരിക - മാനസിക പീഡനങ്ങളെ സംബന്ധിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കും. നീതി വൈകിപ്പിച്ച് നീതി നിഷേധിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ്  കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന് തന്നെ പുതുമയായ നവകേരള സദസ്സിൽ വൻ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. കേരള സമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്’’– മുഖ്യമന്ത്രി പറഞ്ഞു. 

ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ–അങ്കണവാടി പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള രണ്ടായിരത്തോളം സ്ത്രീകളുടെ കൂട്ടായ്മ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.  

English Summary:

Chief Minister Pinarayi Vijayan said that 40 percent of the newly started enterprises in Kerala are owned by women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com