തിരുവനന്തപുരത്തു മത്സരിക്കാൻ സമ്മതമറിയിച്ച് പന്ന്യൻ; സിപിഐ സ്ഥാനാർഥികളിൽ ധാരണ, പ്രഖ്യാപനം 26ന്
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ സിപിഐ ജില്ലാ കൗൺസിലുകൾ നാളെ യോഗം ചേരും. സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് നിർദേശം. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ സാധ്യതാ പട്ടിക തയാറാക്കി നൽകാൻ എക്സിക്യൂട്ടീവ് നിർദേശിച്ചു. 26നു ചേരുന്ന സംസ്ഥാന നേതൃയോഗങ്ങൾ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.
തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്ന പന്ന്യൻ, മുതിർന്ന നേതാക്കൾ ഇടപെട്ടതോടെ തീരുമാനം മാറ്റി. പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തിയിരുന്നു. 2009 മുതൽ കൈവിട്ടുപോയ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
മാവേലിക്കരയിൽ യുവനേതാവ് സി.എ.അരുൺകുമാറിനും തൃശൂരിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനുമാണ് ജില്ലയിൽനിന്നുള്ള പിന്തുണ. വയനാട്ടിൽ ആനി രാജയുടെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്ക് ആനിരാജ മത്സരിക്കുന്നതിനോട് താൽപര്യമില്ല.