കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം; വിയോജിപ്പ് അറിയിച്ച് എക്സ്
Mail This Article
ന്യൂഡല്‍ഹി∙ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിര്‍ദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല. നിയമപരമായ തടസ്സമുള്ളതിനാൽ ഉത്തരവിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്സ് അറിയിച്ചു.
നിയന്ത്രണം ഏർപ്പെടുത്തുന്ന അക്കൗണ്ട് ഉടമകൾക്ക് അറിയിപ്പു നൽകിയിട്ടുണ്ട്. സർക്കാരിന്റെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ ഇതുവരെ തയാറായിട്ടില്ല. കേന്ദ്രത്തിനെതിരായ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യാൻ നിർദേശിച്ചതെന്ന് സൂചനയുണ്ട്.
കർഷക സമരവുമായി ബന്ധപ്പെട്ട് 177 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ് ലിങ്കുകളും താൽക്കാലികമായി ബ്ലോക്കു ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ട് എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എക്സിനു പുറമെ ഫെയ്സ്ബുക്ക്, ഇസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കു നേരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശത്തിൽ പറയുന്നു. സർക്കാർ നിർദേശത്തിനെതിരെ എക്സ് റിവ്യൂ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ ഇത്തരത്തിലുള്ള പല നിർദേശങ്ങളും സർക്കാരിനു പിൻവലിക്കേണ്ടി വന്നതായി എക്സ് റിവ്യൂ കമ്മിറ്റിക്കു നൽകിയ ഹർജിയിൽ പറയുന്നു.