‘ലൈവിനിടെ ജനറേറ്റർ കേടായപ്പോൾ യൂട്യൂബിൽനിന്ന് പാട്ടെടുത്തു’: ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം
Mail This Article
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉൾപ്പെട്ട സംഭവത്തിൽ യൂട്യൂബിൽനിന്ന് പാട്ടെടുത്തതാണ് അബദ്ധത്തിന് ഇടയാക്കിയതെന്നു വിശദീകരണം. ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീമാണു വിശദീകരണം നൽകിയത്.
പൊന്നാനിയിലെ പരിപാടിക്കിടെയാണു ഗാനം മാറിയത്. സമൂഹമാധ്യമത്തിൽ ലൈവ് നൽകുന്നതിനിടെ ജനറേറ്റർ കേടായ സമയത്ത് യൂട്യൂബിൽനിന്നു പാട്ടെടുത്തതിനാലാണു ഗാനം മാറിപ്പോയത്. ബിജെപി കേരളയുടെ പേജിൽനിന്നാണ് ഗാനം എടുത്തതെന്നുമാണു മലപ്പുറം സോഷ്യൽ മീഡിയ ടീമിന്റെ വിശദീകരണം. ഇതേസമയം, 2014ന് ശേഷമാണ് ബിജെപി കേരളം എന്ന യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും അതിൽ പഴയ പാട്ടുകൾ ഇല്ലെന്നും പാർട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഐടി സെൽ കൺവീനർ എസ്.ജയശങ്കർ സംസ്ഥാന അധ്യക്ഷനോടു രാഷ്ട്രീയ പക തീർക്കാൻ പഴയ പാട്ട് കയറ്റിവിട്ടുവെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്.
അതേസമയം, വിഷയത്തിൽ നടപടി വേണ്ടെന്നും ഗാനത്തിലെ വരികൾ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാൽ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ എംപി പറഞ്ഞു. പാട്ട് പഴയതാണെന്നും യുപിഎ സര്‍ക്കാരിന് എതിരെ ഉപയോഗിച്ചതാണെന്നും ജാവഡേക്കര്‍ പറഞ്ഞു.
സമൂഹമാധ്യമ മേധാവിയും സംസ്ഥാന നേതൃത്വവും തമ്മിൽ ആശയഭിന്നതകളുണ്ട്. പദയാത്ര തല്‍സമയം കാണിക്കുന്ന ബിജെപി കേരളം യുട്യൂബ് ചാനലിലൂടെയാണു ഗാനം പുറത്തുവന്നത്. വിവാദമായതോടെ ഗാനം ഒഴിവാക്കി. പദയാത്രയുടെ ഭാഗമായി 20ന് കോഴിക്കോട് മണ്ഡലത്തിൽ നടന്ന പരിപാടിയുടെ നോട്ടിസിലെ പരാമർശവും വിവാദമായിരുന്നു. എസ്‌സി, എസ്ടി നേതാക്കൾക്കൊപ്പം സുരേന്ദ്രൻ ഉച്ചഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടിസിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു.