ADVERTISEMENT

കൊച്ചി∙ മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്രത്തിൽ കാട്ടനക്കൂട്ടത്തിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ ക്ഷേത്ര മൈതാനത്തെത്തിയ കാട്ടാനക്കൂട്ടം തെങ്ങുകൾ പിഴുതെറിയുകയും മതിലിന്റെ വലിയൊരു ഭാഗം പൊളിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു ക്ഷേത്രത്തിൽ ഉല്‍സവം. ഇതിനു കൊണ്ടുവന്ന സൗണ്ട് സിസ്റ്റവും ആനക്കൂട്ടം തകർത്തു. 

Read also: കുട്ടി ആരുടേത്?; രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ്

അടുത്തിടെ ഒരു ആനക്കുട്ടി കിണറ്റിൽ വീണ സംഭവം ഉണ്ടായതും ക്ഷേത്രത്തിനടുത്തുള്ള മുളങ്കുഴിയിൽ എന്ന പ്രദേശത്താണ്. ജനവാസ കേന്ദ്രമാണ് ഇവിടം. ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായതോടെ എത്രയും വേഗം അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മുളങ്കുഴി മേഖല അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രവും സിനിമകളുടെ ഷൂട്ടിങ്ങും മറ്റും നടക്കുന്ന പ്രദേശവുമാണ്. പെരിയാർ മുറിച്ചു കടന്നാണ് ചെറുതും വലുതുമായ 20ഓളം ആനകൾ ഇവിടേക്ക് എത്തിയത്. ആനക്കൂട്ടം ഈ മേഖലയിൽ വലിയ തോതിൽ കൃഷി നശിപ്പിക്കാറുമുണ്ട്. പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ ഓടിക്കുകയാണ് കർഷകർ സാധാരണ ചെയ്യുന്നത്. 

ഇക്കഴിഞ്ഞ ദിവസം മലയാറ്റൂർ കുരിശുമുടി തീർഥാടന പാതയിലെ ഒന്നാം സ്ഥലത്ത് ഒരു ആനയും രണ്ട് കുട്ടിയാനകളെയും തീർഥാടകർ കണ്ടിരുന്നു. തീർഥാടനകാലം ആരംഭിച്ചതോടെ വിശ്വാസികളുടെ വലിയ തോതിലുള്ള ഒഴുക്കുണ്ടാവുന്ന പ്രദേശം കൂടിയാണ് ഇവിടം. മേയ് 31 വരെയാണ് തീർഥാടന സമയം. തീർഥാടനപാത, ഇല്ലിത്തോട്, മുളങ്കുഴി എന്നിവിടങ്ങളിലാണ് അടുത്തടുത്ത് ആനയിറങ്ങിയത്. അതേസമയം, കുരിശുമുടിപ്പാത വനപാത തന്നെയാണെന്നും ആനകൾ ഇവിടെ കൂട്ടത്തോടെ കടന്നുപോകാറുണ്ടെന്നും അധികൃതർ പറുന്നു. കൂടുതൽ വനപാലകരെ ഈ മേഖലയിൽ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

മലയാറ്റൂർ, അയ്യംപുഴ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ രാവും പകലും ആനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. എല്ലാ വർഷവും ഇവിടെ ഏക്കറുകണക്കിന് കൃഷി നശിപ്പിക്കുന്നത് പതിവാണ്. റബർ തോട്ടങ്ങളിൽ ആനയിറങ്ങുന്നതിനാൽ ടാപ്പിങ്ങും നടക്കുന്നില്ല. കാലടി പ്ലാന്റേഷന്റെ 16ാം ഡിവിഷനിൽ രാവിലെ റബർ വെട്ടാൻ പോയവർക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

English Summary:

Wild elephants attack at a temple in Malayattoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com