നരേന്ദ്ര മോദിക്കെതിരെ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും; റായ്ബറേലിയിലും അമേഠിയിലും ആകാംക്ഷ
Mail This Article
ലക്നൗ∙ ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് വാരാണസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കും. സീറ്റു വിഭജന ചർച്ചകൾക്കൊടുവിൽ കോൺഗ്രസിനു ലഭിച്ച 17 സീറ്റുകളിൽ ഒൻപതിടത്തും പാർട്ടി സ്ഥാനാര്‍ഥികളിൽ തീരുമാനമായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും അജയ് റായ് ആണ് പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ചത്. അന്നു സമാജ്‍വാദി പാർട്ടി സഖ്യത്തിലുണ്ടായിരുന്നില്ല. 6,67,764 വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ മോദി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സമാജ്‍വാദി പാർട്ടിയുടെ ശാലിനി യാദവ് 1,95,159 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ അജയ് റായ് 1,52,548 വോട്ടും നേടി. ഇത്തവണ എസ്പിയും കോൺഗ്രസും സഖ്യമായി മത്സരിക്കുമ്പോൾ മോദിയുടെ ഭൂരിപക്ഷം വലിയതോതിൽ കുറയ്ക്കാമെന്നാണ് കണക്കുക്കൂട്ടൽ.
കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും അഭിമാന സീറ്റുകളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികൾ ആരൊക്കെയാകും എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയ ഒഴിവിൽ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ എത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അമേഠിയിൽ കഴിഞ്ഞതവണ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ വയനാട് എംപിയായ രാഹുൽ അമേഠിയിലും കൂടി മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അമേഠിയിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് രാഹുലിനെ സ്മൃതി ഇറാനി വെല്ലുവിളിച്ചിട്ടുണ്ട്.
ബിഎസ്പിയിൽ നിന്നും പുറത്താക്കപ്പെട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ ഇമ്രാൻ മസൂദിനെ സഹറൻപൂരിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. മുസ്‍ലിം സമുദായത്തിൽ സ്വാധീനമുള്ള നേതാവായ മസൂദ് 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സഹാറൻപൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്നു. രണ്ടു തവണയും പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ തന്നെ പരീക്ഷിച്ചേക്കും.
ബിജെപിയിൽനിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ രാകേഷ് റാത്തോഡ് സീതാപുരിലും തനൂജ് പുനിയ ബരാബങ്കിയിലും മുൻ എംപി പ്രദീപ് ജെയിൻ ഝാൻസിയിലും ഡോളി ശർമ ഗാസിയാബാദിലും വീരേന്ദ്ര ചൗധരി മഹാരാജ്ഗഞ്ചിലും രാംനാഥ് സികർവാർ ഫത്തേപൂർ സിക്രിയിലും മത്സരിച്ചേക്കുമെന്നാണ് വിവരം. കാൻപുർ നഗറിൽ അലോക് മിശ്ര, അജയ് കപൂർ, വികാസ് അവസ്തി, കരിഷ്മ എന്നിവരെയാണ് പരിഗണിക്കുന്നത്. പ്രദീപ് മാത്തൂർ മഥുരയിൽ നിന്നും പണ്ഡിറ്റ് രാജ്കുമാർ റാവത്ത് ഡിയോറിയയിൽ നിന്നും അഖിലേഷ് പ്രതാപ് സിങ് അല്ലെങ്കിൽ അജയ് ലല്ലു ബൻസ്ഗാവിൽ നിന്നും കമൽ കിഷോർ അല്ലെങ്കിൽ അനൂപ് പ്രസാദ് ബുലന്ദ്ഷഹറിൽ നിന്നും മത്സരിച്ചേക്കും. സഖ്യത്തിൽ സമാജ്‍വാദി പാർട്ടി 63 സീറ്റുകളിലാകും മത്സരിക്കുക.