ADVERTISEMENT

ന്യൂഡൽഹി∙ സമാജ്‍വാദി പാർട്ടിയും എഎപിയുമായി സീറ്റു വിഭജന ചർച്ചയിൽ ധാരണയായ ശേഷം പുതിയ ഫോർമൂല രൂപീകരിച്ച് തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ച പൂർത്തിയാക്കാൻ കോൺഗ്രസ്. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ അഞ്ചു സീറ്റുകളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. വൈകാതെ ഇരു പാർട്ടികളും സീറ്റു ധാരണയിലെത്തുമെന്നാണ് ബംഗാളിലെ കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. മമതാ ബാനർജി നാലു സീറ്റുകളാണ് കോൺഗ്രസിനു വാഗ്ദാനം ചെയ്തത്. എന്നാൽ ഒരു സീറ്റു കൂടി അധികം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം. ഹൈക്കമാൻഡ് നേരിട്ട് ഇടപെടൽ നടത്തിയതോടെയാണ് സീറ്റു വിഭജന ചർച്ചകൾക്ക് വേഗം കൂടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെ രണ്ടു പേരെ മാത്രമാണ് ബംഗാളിൽ നിന്നും കോൺഗ്രസിനു വിജയിപ്പിക്കാനായത്. 

ചർച്ചയുടെ ആദ്യഘട്ടത്തിൽ 14 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് എട്ടായി ചുരുങ്ങി. ഒടുവിൽ അഞ്ചു സീറ്റെന്ന ആവശ്യത്തിലെത്തി നിൽക്കുകയാണ്. ഇടയ്ക്ക് ആറു സീറ്റു വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം മമതാ ബാനർജിയെ ചൊടിപ്പിച്ചിരുന്നു. ‘‘നിങ്ങൾക്ക് ഇവിടെയൊരു എംഎൽഎ പോലുമില്ലെന്ന് ഞാൻ കോൺഗ്രസിനോട് പറഞ്ഞു. രണ്ടു ലോക്സഭാ സീറ്റുകളാണ് ​ഞാൻ വാഗ്ദാനം ചെയ്തത്. എന്നാൽ കൂടുതൽ സീറ്റു വേണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം’’– മമതാ ബാനർജി സീറ്റു വിഭജന ചർച്ചകളെപ്പറ്റി മാധ്യമങ്ങളോട് നടത്തിയ ഏക പ്രതികരണം ഇങ്ങനെയായിരുന്നു.

ബെഹ്‌റാംപൂർ, മാൾഡ സൗത്ത്, മാൾഡ നോർത്ത്, റായ്ഗഞ്ച്, ഡാർജിലിംഗ് എന്നിവയാണ് കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്നതും തൃണമൂൽ അവർക്ക് നൽകിയേക്കാവുന്നതുമായ സീറ്റുകൾ. പുരുലിയ സീറ്റു വേണമെന്ന് കോൺഗ്രസ് ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ലഭിക്കാനിടയില്ല. 

ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റുകളിൽ 17 സീറ്റുകളിലാകും കോൺഗ്രസ് മത്സരിക്കുക. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ ആം ആദ്മി പാർട്ടി നാലു സീറ്റുകളിലും കോൺഗ്രസ് മൂന്നു സീറ്റുകളിലും മത്സരിക്കും. ഇതിനു പകരമായി ഗുജറാത്തിൽ രണ്ട് സീറ്റും ഹരിയാനയിൽ ഒരു സീറ്റും കോൺഗ്രസ് എഎപിക്ക് വിട്ടുനൽകും. രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസാണ് പ്രധാന പ്രതിപക്ഷ പാർട്ടി. ഗോവയിൽ എഎപി കോൺഗ്രസിന് ഒരു സീറ്റ് നൽകും

English Summary:

Congress-Trinamool seat talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com