ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് കമൽനാഥ്; ബിജെപി അഭ്യൂഹങ്ങൾക്ക് വിരാമം
Mail This Article
ഭോപാൽ∙ ബിജെപിയിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേരണമെന്ന് ആഹ്വാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നാണ് പ്രവർത്തകരോട് കമൽനാഥ് പറഞ്ഞിരിക്കുന്നത്. ഇതോടെ കമൽനാഥും മകനും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
‘‘രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാനുള്ള ആവേശത്തിലാണ് മധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ നിർണായക പോരാട്ടം നടത്തുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആവാൻ ഞാൻ മധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാം’’ – കമൽനാഥ് എക്സിൽ കുറിച്ചു.
കമൽനാഥ് ആഗ്രഹിച്ച രാജ്യസഭാ സീറ്റ് കോൺഗ്രസ് നിഷേധിച്ചതോടെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാഹുല്‍ഗാന്ധിക്ക് കമൽനാഥിനോടുള്ള വിയോജിപ്പാണ് സീറ്റ് നിഷേധിക്കപ്പെടാനുള്ള കാരണമായി വിലയിരുത്തപ്പെട്ടത്. 2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 230 സീറ്റുകളിൽ 163 എണ്ണവും ബിജെപി നേടിയിരുന്നു. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 66 സീറ്റിലൊതുങ്ങുകയായിരുന്നു.