‘ആർഎസ്‌എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്കു പോയോ?’: സ്വരാജിന്റെ ‘തിരുത്തിൽ’ രാഹുൽ
Mail This Article
തിരുവനന്തപുരം∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
സ്വരാജിന്റെ പോസ്റ്റിലെ ‘ആർഎസ്‌എസ്’ പരാമർശം നീക്കിയതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് രാഹുലിന്റെ കുറിപ്പ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർഎസ്‌എസ് പരാമർശം സ്വരാജ് നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് രാഹുൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറു സംശയങ്ങളും രാഹുൽ പങ്കുവച്ചു.
രാഹുലിന്റെ പോസ്റ്റിന്റെ പൂർണരൂപം:
കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം. ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘RSS ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങൾ
1. RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?
2. RSS ഭീകരത മസിനഗുഡി വഴി ഊട്ടിക്കു ടൂർ പോയോ?
3. RSS അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?
4. RSS ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?
5. സിപിഎം നേതാവ് അറസ്റ്റിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?
6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?