മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത ആദ്യഘട്ടം രണ്ടുവർഷത്തിനുള്ളിൽ, മണിക്കൂറിൽ 320 കിലോമീറ്റർ വേഗത
Mail This Article
മുംബൈ ∙ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ ആദ്യഘട്ടം 2026 ഓഗസ്റ്റിനകം പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കുമിടയിലെ ഭാഗമാണ് തുറന്നുകൊടുക്കുക. 508 കിലോമീറ്ററുള്ള പാതയുടെ നിർമാണപുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് ഭാഗങ്ങൾ ഘട്ടംഘട്ടമായി തുറക്കും.
സർവീസിന് ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും
മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ ബുള്ളറ്റ് ട്രെയിനുകൾ സഞ്ചരിക്കും. പാതയിൽ എല്ലാ സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിനുകളും ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകളും സർവീസ് നടത്തും. ലിമിറ്റഡ് സ്റ്റോപ് ട്രെയിനുകൾ മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം 2 മണിക്കൂറിനുള്ളിൽ പിന്നിടും. മറ്റ് ട്രെയിനുകൾ ഏകദേശം 2 മണിക്കൂർ 45 മിനിറ്റ് എടുത്തേക്കും. ആകെ 12 സ്റ്റേഷനുകളാണ് ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
മുന്നേറ്റത്തിനായിഒറ്റ സാമ്പത്തിക മേഖല
ബികെസി (ബാന്ദ്ര-കുർള കോംപ്ലക്സ്)ക്കും താനെ ജില്ലയിലെ ശിൽഫാട്ടയ്ക്കും ഇടയിലെ 21 കിലോമീറ്റർ ടണലിന്റെ നിർമാണം ബികെസി, വിക്രോളി, ഘൻസോളി എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ടണലിൽ 7 കിലോമീറ്റർ കടലിന് അടിയിലൂടെയാണ്
ടണലിലൂടെയും മണിക്കൂറിൽ 300-320 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ നഗരങ്ങൾ ഒറ്റ സാമ്പത്തിക മേഖലയായി മാറും. ഇത് വലിയ സാമ്പത്തിക മുന്നേറ്റത്തിന് കളമൊരുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി രൂപ
നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) നിർമിക്കുന്ന പാതയുടെ ആകെ ചെലവ് 1.08 ലക്ഷം കോടി രൂപയാണ്. ഇതിൽ 10,000 കോടി രൂപ കേന്ദ്രസർക്കാരും 5,000 കോടി രൂപ വീതം ഗുജറാത്തും മഹാരാഷ്ട്രയും നൽകണം. ബാക്കിയുള്ള തുക ജപ്പാനിൽ നിന്നുള്ള വായ്പയാണ്.
പദ്ധതി ഇഴഞ്ഞതിന് കാരണം ഉദ്ധവെന്ന് വിമർശനം
ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണം മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും വേഗത്തിൽ നൽകിയിരുന്നെങ്കിൽ, പദ്ധതി വളരെ വേഗം പൂർത്തീകരിക്കാമായിരുന്നു. ശിവസേന (ഷിൻഡെ വിഭാഗം)-ബിജെപി സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്ന് 10 ദിവസത്തിനുള്ളിൽ എല്ലാ അനുമതികളും നൽകി. അതേസമയം, ഗുജറാത്ത് ഭാഗത്തുള്ള 284 കിലോമീറ്റർ പാതയുടെ നിർമാണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.