ADVERTISEMENT

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്‍ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം മുസ്‍ലിം ലീഗിനു മുൻപിൽ കോൺഗ്രസ് വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചർച്ച ചെയ്യും.

Read Also: മൂന്നാം സീറ്റിനായി നടത്തിയ ചര്‍ച്ച തൃപ്തികരം; 27 ന് ലീഗ് നേതൃയോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം പ്രഖ്യാപിക്കും: കുഞ്ഞാലിക്കുട്ടി

രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചതെന്ന് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സൂചന നൽകി. മുസ്‍ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശും പ്രതികരിച്ചു.

‘‘ചർച്ചയിലെ തീരുമാനങ്ങൾ പങ്കെടുത്ത നേതാക്കൾ അവരുടെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. ഞങ്ങൾ ഞങ്ങളുടെ നേതൃത്വവുമായും ചർച്ച ചെയ്യും. അതിനുശേഷം 27–ാം തീയതി അന്തിമ തീരുമാനം ഉണ്ടാകും. മൂന്നാം സീറ്റ് നൽകുമോയെന്ന കാര്യം 27–ാം തീയതി കഴിയാതെ പറയാനാകില്ല. ചർച്ചയിൽ യുഡിഎഫ് സംതൃപ്തരാണ്. നന്നായി ചർച്ച പൂർത്തിയാക്കി. എല്ലാം പോസിറ്റീവാണ്. ലീഗ് നേതാക്കൾ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.

‘‘നീണ്ട വർഷത്തെ ബന്ധമുള്ള രണ്ട് സഹോദരപാർട്ടികളാണ് ഞങ്ങൾ. മറ്റു കാര്യങ്ങളാണു ചർച്ചയിൽ കൂടുതൽ സംസാരിച്ചത്. ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകള്‍ പൂർത്തിയാക്കി. യു‍ഡിഎഫിൽ തുടരാൻ ആയിരം കാരണങ്ങളുണ്ട്, എൽഡിഎഫിൽ പോവാൻ ഒരു കാരണവുമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടും ഇടതുനേതാക്കൾ പിന്നെയും ലീഗിന് പുറകേ നടക്കുകയാണ്.’’ – സതീശൻ പ്രതികരിച്ചു.

കോൺഗ്രസുമായി നടന്ന ചർച്ച തൃപ്തികരമെന്നായിരുന്നു യോഗത്തിനു പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന് യോഗതീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്ഥലത്തില്ലാത്തതിനാൽ, അദ്ദേഹം എത്തിയശേഷം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‍ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നുമായിരുന്നു യോഗത്തിനു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്.

English Summary:

Congress expressed difficulty in giving the third seat to Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com