മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ച് മുസ്‍ലിം ലീഗ്; ഉഭയകക്ഷി ചർച്ച തുടങ്ങി
Mail This Article
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്–ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.എം.എ. സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‍ലിം ലീഗ് വ്യക്തമാക്കി. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടിലാണ് മുസ്‍ലിം ലീഗ്. പറഞ്ഞുപഴകിയ ആവശ്യം ഇത്തവണയെങ്കിലും യുഡിഎഫ് നിറവേറ്റണമെന്ന ശക്തമായ സമ്മർദമാണ് ലീഗ് നടത്തുന്നത്. മത്സരിക്കുന്ന പതിനാറിൽ പതിനഞ്ചും സിറ്റിങ് സീറ്റുകളാണെന്നും എങ്ങനെ അതിലൊന്നു വിട്ടുകൊടുക്കാൻ കഴിയുമെന്നുമുള്ള കോൺഗ്രസിന്റെ ചോദ്യം ലീഗ് തള്ളുന്നില്ല.
പക്ഷേ, ആ വിശദീകരണം കേട്ട് പിന്മാറാനുമില്ല. മലബാർ ജില്ലകളിൽ കോൺഗ്രസിനൊപ്പം ശക്തമാണ് പാർട്ടിയെന്നതിനാൽ മലപ്പുറത്തിനു പുറത്തും ലോക്സഭാ സീറ്റു വേണമെന്നാണ് ആവശ്യം.