ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: 2 അധ്യാപകർക്ക് എതിരെ കേസെടുത്തു
Mail This Article
ആലപ്പുഴ∙ കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, രമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. ഫെബ്രുവരി 15നാണു ആലപ്പുഴ കാട്ടൂരിലെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി പ്രജിത്ത് സ്കൂളിൽനിന്നെത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.
Read Also: അടൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം
സ്കൂളിൽ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്കു പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോൾ അധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. കണ്ണിൽ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്കൂൾ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർഥികൾ കാൺകെ അധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.