സിപിഐയിൽ സ്ഥാനാർഥി ക്ഷാമം; ചെറുപ്പക്കാരെ വളരാൻ അനുവദിക്കുന്നില്ല, അടവെന്ന് വിമർശനം
Mail This Article
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു സിപിഐയിൽ സ്ഥാനാർഥികൾക്കു ക്ഷാമമെന്നു നേതാക്കൾ; നേതാക്കളുടെ നിക്ഷിപ്ത താൽപര്യ സംരക്ഷണമാണു നടക്കുന്നതെന്നു പ്രവർത്തകർ. തിരുവനന്തപുരം, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണു പാർട്ടിയിൽ കടുത്ത അസംതൃപ്തി. മാവേലിക്കരയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കൊല്ലത്ത് എത്തിയ മന്ത്രി പി.പ്രസാദിനും പ്രവർത്തകരുടെ ചൂടറിയേണ്ടിവന്നു. ഇന്നാണു പാർട്ടി എക്സിക്യുട്ടീവും സംസ്ഥാന കൗൺസിലും ചേർന്നു സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നത്.
പ്രായാധിക്യത്തെ തുടർന്നു സംസ്ഥാന കൗൺസിലിൽനിന്ന് മാറ്റിനിർത്തിയിരുന്ന പന്ന്യൻ രവീന്ദ്രനെയാണു തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി ജില്ലാ നേതൃത്വം അവതരിപ്പിച്ചത്. കോൺഗ്രസ് എംപി ശശി തരൂരിനെ നേരിടാൻ കഴിയുന്ന, മൂന്നാം സ്ഥാനമെന്ന നാണക്കേടിൽനിന്ന് രക്ഷിക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയെ നിർത്തണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ മത്സരിക്കാൻ ‘യോഗ്യരായ ആരുമില്ല’ എന്നാണ് ജില്ലാ നേതൃത്വം പറഞ്ഞത്. ഇതാണ് പ്രവർത്തകരെ അരിശം പിടിപ്പിക്കുന്നത്. ദേശീയ നേതാവു കൂടിയായ ആനി രാജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നിർദേശം തുടക്കത്തിലേതന്നെ ജില്ലാ നേതൃത്വം വെട്ടി.
Read Also: കണ്ണൂർ വിട്ടുകൊടുക്കാനില്ല, കെ.സുധാകരൻ വീണ്ടും ഇറങ്ങും; മത്സരിക്കണമെന്ന് നിർദേശിച്ച് എഐസിസി...
ഇത് ജില്ലാ നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. തുടർന്നാണ് മത്സരിക്കാനില്ലെന്ന് വാശിപിടിച്ച പന്ന്യനെ തന്നെ നിർബന്ധിച്ച് കളത്തിലിറക്കുന്നത്. പുതിയ നേതാക്കൾ ഉയർന്നുവരുന്നതിനോട് ജില്ലാ നേതൃത്വത്തിനുള്ള എതിർപ്പാണ് കാരണമെന്നാണു വിമർശനം. ചെറുപ്പക്കാരെ മത്സരിപ്പിച്ചാൽ ഇത്തവണ വിജയിച്ചില്ലെങ്കിൽ പോലും ഭാവിയിൽ പാർട്ടിക്കു മുതൽക്കൂട്ടാവും. തിരുവനന്തപുരം പോലുള്ള മണ്ഡലത്തിൽ ഏതു ജില്ലയിൽ നിന്നുമുള്ള യുവനേതാക്കളെയും പരിഗണിക്കാവുന്നതേയുള്ളൂ.
എഐവൈഎഫ്, എഐഎസ്എഫ് നേതൃത്വത്തിലുള്ളവരെ പരിഗണിക്കാൻ നേതൃത്വം തയാറായില്ല. ഫലത്തിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ പോലും പാർട്ടി സന്നദ്ധമാകുന്നില്ല. നേതൃത്വം സിപിഎമ്മിന്റെ താൽപര്യത്തിനു വഴങ്ങുന്നതായും ആരോപണമുണ്ട്. മാവേലിക്കരയിൽ നേതൃത്വത്തിന്റെ സ്ഥാനാർഥിയെ ജില്ലാ നേതൃത്വത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാണു മന്ത്രി പ്രസാദ് ജില്ലാ കൗൺസിൽ യോഗത്തിനെത്തിയത്. എന്നാൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. കോട്ടയം ജില്ലാ കൗൺസിലും മാവേലിക്കര സ്ഥാനാർഥി വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.