ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ഗീത കോഡ ബിജെപിയിൽ
Mail This Article
റാഞ്ചി∙ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് പ്രഹരം ഏൽപ്പിച്ച് ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും നിലവിൽ വെസ്റ്റ് സിങ്ഭും ജില്ലയിലെ ചൈബാസയിൽനിന്നുള്ള എംപിയുമായ ഗീത കോഡയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാന്തിയുടെ സാന്നിധ്യത്തിലായിരുന്നു ഗീതയുടെ ബിജെപി പ്രവേശനം.
Read also: ആദ്യം പ്രധാനമന്ത്രിക്ക് പ്രശംസ; പിന്നാലെ കേന്ദ്ര സർക്കാരിന് വിമർശനവുമായി എൻ.കെ.പ്രേമചന്ദ്രൻ
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ കോൺഗ്രസ് നടത്തുന്ന മുന്നണി ചർച്ചകളിലെ അതൃപ്തിയാണ് ഗീതയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് നടപ്പാക്കുന്നത് എന്നാണ് പാർട്ടി വിട്ട ശേഷം ഗീത ആരോപിച്ചത്. കോൺഗ്രസ് രാജ്യത്തെ നശിപ്പിച്ചുവെന്നും ബിജെപിയിൽ ചേർന്ന് ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
ഗോത്ര വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള ജാർഖണ്ഡിൽ, 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് മത്സരിച്ചു ജയിച്ച ഏക വ്യക്തിയാണ് ഗീത. 72,000ത്തോളം വോട്ടുകൾക്കാണ് ഗീത ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 49 ശതമാനവും നേടിയായിരുന്നു ഗീതയുടെ വിജയം.
മധു കോഡ 2009ൽ സ്ഥാപിച്ച ജെബിഎസ് പാർട്ടിയുടെ ഭാഗമായി 2009ൽ എംഎൽഎയായി. അന്ന് ജെബിഎസിന്റെ ഭാഗമായി വിജയിച്ച ഏക എംഎൽഎ ആയിരുന്നു ഗീത. 2018ലാണ് ജെബിഎസ് കോൺഗ്രസുമായി ലയിച്ചത്. 2019ൽ 14 ലോക്സഭ സീറ്റുകളിലക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11ലും ബിജെപിയാണ് വിജയിച്ചത്. ഒരു സീറ്റ് കോൺഗ്രസ് നേടിയപ്പോൾ എജെഎസ്‍യു, ജെഎംഎം എന്നീ പാർട്ടികളും ഓരോ സീറ്റു വീതം നേടി.