മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു ചോദിച്ചതാണ്; വിവാദം വേദനിപ്പിച്ചു: സുധാകരൻ
Mail This Article
പത്തനംതിട്ട∙ആലപ്പുഴയിലെ വാർത്താസമ്മേളന വിവാദം തന്നെ ഏറെ വേദനിപ്പിച്ചുവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘നെഞ്ചിൽ കൈ വച്ചു ഞാൻ പറയുന്നു, ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്. എന്റെ കുടുംബത്തോട്, സ്റ്റാഫിനോട്, സഹപ്രവർത്തകരോട് നിങ്ങൾക്കത് ചോദിക്കാം ’ പക്ഷേ മര്യാദ വേണം എന്നത് ദേഷ്യം വരുമ്പോൾ സ്ഥിരമായി പറയാറുള്ളതാണ്. ഞാൻ അസഭ്യം പറഞ്ഞുവെന്നു പറയുന്ന ഭാഗം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടി ഞാൻ കേട്ടു. ‘മര്യാദ വേണ്ടേ’, എന്ന വാചകം കുറച്ച് കടുപ്പിച്ചു പറഞ്ഞപ്പോൾ പാതി വഴിയിൽ അത് എന്റെ സഹപ്രവർത്തകർ തടഞ്ഞു. അപ്പോൾ അത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ രാഷ്ട്രീയ ജിവതത്തിൽ ഒരുപാട് ആരോപണങ്ങൾ എനിക്കെതിരേ ഉയർന്നിട്ടുണ്ട്. അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ല.എന്നാൽ ഇത് അങ്ങനെയല്ല, കെ.സുധാകരൻ എന്ന വ്യക്തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല. കെപിസിസി പ്രസിഡന്റിന്റെ മേൽ നിൽക്കുന്ന ആരോപണമാണ് ’ സുധാകരൻ പറഞ്ഞു. എല്ലാ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. എന്നാൽ സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണു ആദ്യം ഈ വിവാദം സൃഷ്ടിച്ചത്. അവരൊക്കെ മാധ്യമ പ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം കൂടിയാണ് നടത്തുന്നത്. ഇത് സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇതിനു മുൻപും വ്യാജവാർത്തയ്ക്കെതിരെ നിയമപോരാട്ടം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സീറ്റിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.