ബിജെപി ഐടി സെല്ലിനെതിരായ വിഡിയോ റീട്വീറ്റ് ചെയ്തതിൽ തെറ്റുപറ്റി: കേജ്‌രിവാൾ സുപ്രീംകോടതിയിൽ
Mail This Article
ന്യൂഡൽഹി∙ അപകീർത്തികരമായ വിഡിയോ റീട്വീറ്റ് ചെയ്തതിലൂടെ തനിക്കു തെറ്റുപറ്റിയെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ പറഞ്ഞു. തുടർന്ന് കേജ്‌രിവാളിനെതിരായ അപകീർത്തി കേസ് മാർച്ച് 11 വരെ എടുക്കരുതെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വിചാരണക്കോടതിക്കു നിർദേശം നൽകി.
കേസിൽ കോടതിയിൽ ഹാജരാകണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെ കേജ്‌രിവാൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കേജ്‌രിവാൾ തെറ്റു സമ്മതിച്ചതോടെ പരാതി പിൻവലിക്കുന്നുണ്ടോ എന്നു പരാതിക്കാരനോടു കോടതി ആരാഞ്ഞു. ഹർജി പരിഗണിച്ചപ്പോൾ തന്നെ റിട്വീറ്റ് ചെയ്തതിലൂടെ തെറ്റുപറ്റിയെന്നു കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു.
വ്യാപകമായി പ്രചരിച്ച ധ്രുവ് റാത്തി എന്ന യൂ ട്യൂബറുടെ വിഡിയോ കേജ്‌രിവാൾ റീട്വീറ്റ് ചെയ്തിരുന്നു. ‘ബിജെപി ഐടി സെൽ പാർട്ട് 2’ എന്ന പേരിൽ പ്രചരിച്ച വിഡിയോയിൽ അപകീർത്തികരമായ കാര്യങ്ങളാണുള്ളതെന്നു ചൂണ്ടിക്കാട്ടി വികാസ് സംകൃത്യായൻ ആണു പരാതി നൽകിയത്. വിവാദ വിഡിയോ ദൃശ്യങ്ങൾ റീട്വീറ്റ് ചെയ്യുന്നതും കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേജ്‌രിവാൾ ഹാജരാകണമെന്നു പറഞ്ഞത്.