സിംഹങ്ങൾക്ക് സീത, അക്ബർ എന്നു പേര്: ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര

Mail This Article
അഗർത്തല∙ മൃഗശാലയിലെ സിംഹങ്ങൾക്ക് ദൈവത്തിന്റെ പേരിട്ടതിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സിംഹങ്ങൾക്ക് സീത, അക്ബർ എന്നീ പേരിട്ടത് വിവാദമായിരുന്നു. ഈ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു.
Read also: ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കാനെത്തിയ നിതാഷയ്‌ക്ക് വിലക്ക്; ആർഎസ്എസ് വിമർശനത്തിന്റെ പേരിലെന്ന് ആരോപണം
ഈ മാസം 12ന് ആണ് ഇണചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിൻ ലാൽ അഗർവാൾ. ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല വഹിക്കുന്നതിനിടെ ഇദ്ദേഹമാണ് കൈമാറ്റ റജിസ്റ്ററിൽ സിംഹങ്ങളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതി ഇടപെടലിനെ തുടർന്ന് ത്രിപുര സർക്കാർ പ്രബിൻ ലാലിനോട് വിശദീകരണം തേടിയിരുന്നു.
പ്രജനനത്തിനായി ത്രിപുരയിൽ നിന്നു കൊണ്ടുവന്ന സിംഹങ്ങളിലെ പെൺസിംഹത്തിന് ‘സീത’ എന്നു പേരു നൽകിയതു മതവികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കോടതിയെ സമീപിച്ചത്. വളർത്തുമൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്ന് സിലിഗുരിയിലെ ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് ചോദിച്ചു. മൃഗത്തിന് രബീന്ദ്രനാഥ ടഗോറിന്റെ പേര് ആരെങ്കിലും ഇടുമോ? സിംഹത്തിന് അക്ബർ എന്നു പേരിടുന്നതിനും വിയോജിപ്പാണുള്ളതെന്നും അക്ബർ മഹാനായ, മതേതരവാദിയായ മുഗൾ ചക്രവർത്തിയായിരുന്നുവെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു.
സിംഹങ്ങൾക്കു പേരിട്ടത് ത്രിപുര മൃഗശാല അധികൃതരാണെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. പേരിന് ത്രിപുരയിൽ വിവാദങ്ങളില്ലായിരുന്നുവെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ തന്നെ ആവശ്യത്തിലധികം വിവാദങ്ങളുണ്ടെന്നും പേരു സംബന്ധിച്ച വിവാദം ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.കോടതി നിലപാട് കടുപ്പിച്ചതോടെ സിംഹങ്ങളുടെ പേരു മാറ്റാമെന്നു സർക്കാർ അറിയിക്കുകയായിരുന്നു.