കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ നരേന്ദ്ര മോദിക്കായി കൈപൊക്കാനുണ്ടാകും: പി.സി.ജോർജ്
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്‌സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനവേദിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.
‘‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്‌സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്. അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ മറ്റിടങ്ങളിലെ പ്രവർത്തനം വെറുതെയാകില്ലേ? നമ്മുടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ച സ്ഥാനാർഥിയാണ്. നിങ്ങള് സംശയിക്കേണ്ട അദ്ദേഹം നല്ലതുപോലെ ഓടി ജോലി ചെയ്യുകയാണ്. നമുക്ക് ആ തൃശൂർ പിടിക്കണം. കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാരെ ലഭിക്കും. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോക്കോളു’’– പി.സി. ജോർജ് പറഞ്ഞു.
കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയ പരിഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി കേരളത്തെയോ മറ്റ് സംസ്ഥാനങ്ങളെയോ വോട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടിട്ടില്ല. ബിജെപി ദുർബലമായിരുന്ന കാലത്തും കേരളത്തെ ശക്തിപ്പെടുത്തുന്നതിൽ പാർട്ടി പങ്കാളികളായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടുന്ന പരിഗണന കേരളത്തിനും കിട്ടുന്നു എന്നുറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം ഇത്തവണ എൻഡിഎയ്ക്ക് പിന്തുണ നൽകും. 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.