തൃശൂർ എടുക്കാൻ സുരേഷും സുനിലും, പ്രതാപം വിടാതെ പ്രതാപൻ; തിരഞ്ഞെടുപ്പ് പൂരത്തിൽ തിടമ്പേറ്റുന്നത് ആര്?
Mail This Article
ഏപ്രിൽ 19നാണ് തൃശൂർ പൂരം. തൃശൂർക്കാരുടെ കലണ്ടറും ഓർമകളും പൂരത്തെ ചുറ്റിപ്പറ്റിയാണ്. പിറന്നാളും ആണ്ടും അവർ ഓർത്തുവയ്ക്കുന്നത് പൂരത്തിന് മുൻപും ശേഷവുമായിട്ടാണ്. ഇത്തവണ പൂരത്തിരക്കുകൾ ആരംഭിക്കും മുൻപേ മറ്റൊരു പൂരത്തിന് തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ് തൃശൂർ; പൂരത്തേക്കാൾ ഒട്ടും ആവേശം കുറയാത്ത തിരഞ്ഞെടുപ്പ് അങ്കത്തിന്.
ഇക്കുറി വെടിക്കെട്ടിൽ മിന്നിക്കുന്നത്, കുടമാറ്റത്തിൽ ഞെട്ടിക്കുന്നത് പാറമേക്കാവോ തിരുവമ്പാടിയോ എന്ന അതേ ആവേശത്തോടെ ‘തിരഞ്ഞെടുപ്പ് ത്രില്ലർ’ കാണാനുള്ള ഒരുക്കത്തിലാണവർ. ഏതൊക്കെ ഗജവീരന്മാർ പൂരത്തിന് അണിനിരക്കുമെന്ന, ഏത് ഗജവീരൻ ഭഗവതിയുടെ തിടമ്പേറ്റുമെന്ന ആകാംക്ഷയ്ക്ക് തെക്കേഗോപുര നടയിലൂടെ അവർ ഓരോരുത്തരായി മൈതാനത്തേക്ക് പ്രവേശിക്കുന്നതോടെ ഉത്തരം കിട്ടുമെന്നും ആകാംക്ഷ ആവേശത്തിന് വഴിമാറുമെന്നും പറയുന്ന പോലെ, ആരൊക്കെയാണ് തിരഞ്ഞെടുപ്പ് അങ്കത്തിന് ശക്തന്റെ മണ്ണിലിറങ്ങുന്നതെന്ന ചോദ്യത്തിനും ഉത്തരം കിട്ടിക്കഴിഞ്ഞു, ഇനി കാണാനിരിക്കുന്നത് ആവേശോജ്വലമായ തിരഞ്ഞെടുപ്പു പ്രചാരണമാണ്.
∙ അങ്കം കൊഴുപ്പിക്കാൻ ഇവർ മൂന്നുപേർ
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൃശൂരെടുക്കാൻ വന്ന് അന്നുമുതൽ തൃശൂരിന്റെ ഓരോ ചലനത്തിലും ഭാഗമായ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പയറ്റിനോക്കിയ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തോടെയാണ് മണ്ഡലത്തിന് താരപരിവേഷം ചാർത്തിക്കിട്ടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംപി ടി.എൻ.പ്രതാപൻ തന്നെ ഇക്കുറി കോൺഗ്രസിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. മണ്ഡല ചരിത്രത്തിൽ വിജയചെങ്കൊടി പാറിച്ച സിപിഐ ഇറക്കുന്നത് തൃശൂരിന്റെ ജീവനാഡികൾ തൊട്ടറിയുന്ന വി.എസ്.സുനിൽകുമാറിനെയും. അങ്കം കൊഴുക്കാൻ ഇനിയെന്തുവേണം?
രാഷ്ട്രീയ ചാണക്യൻ കെ.കരുണാകരനെ സ്വന്തം തട്ടകത്തിൽ തറപറ്റിച്ച മണ്ഡലം– തൃശൂർ ലോക്സഭാ മണ്ഡലത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുക ഒരുപക്ഷേ ഇങ്ങനെയായിരിക്കും. കോൺഗ്രസിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിട്ട തോൽവി. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് (മണ്ഡലപുനർനിർണയത്തിന് ശേഷം) തൃശൂർ മണ്ഡലം. മണ്ഡല ചരിത്രത്തിൽ സിപിഐ ഏറ്റവും അധികം തവണ വിജയം വരിച്ച മണ്ണ്. 1951 മുതൽ 2019 വരെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പത്തുതവണയും വിജയം നേടിയത് സിപിഐയാണ്; ഏഴുതവണ കോൺഗ്രസും. 2019ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം 12,93,744 വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലുള്ളത്.
∙ തൂശൂർ എടുക്കാൻ ബിജെപി, കളത്തിലിറങ്ങി സാക്ഷാൽ പ്രധാനമന്ത്രി
ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതവണ തൃശൂരിലെത്തിയതോടെ മണ്ഡലം രാജ്യ ശ്രദ്ധ തന്നെ നേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുമെന്ന വാർത്ത വന്നതോടെ, ബിജെപി ദേശീയ നേതൃത്വം സാംസ്കാരിക തലസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള പതിനെട്ടടവും പയറ്റാൻ തന്നെയാണ് തീരുമാനമെന്ന് സ്പഷ്ടമായിരിക്കുകയാണ്. ‘തൃശൂർ അങ്ങെടുക്കു’മെന്ന ബിജെപിയുടെ മോഹത്തിന് അടിത്തറ നൽകുന്നത് വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം തന്നെയാണ്.
ശബരിമല വിഷയം കത്തിനിൽക്കുന്ന 2019ലാണ് ബിജെപി സുരേഷ് ഗോപിയെ തൃശൂരിൽ പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. വൈകി നടത്തിയ സ്ഥാനാർഥി നിർണയമായിരുന്നെങ്കിലും, വെറും പതിനേഴു ദിവസം മാത്രമേ പ്രചാരണത്തിന് സുരേഷ് ഗോപിക്ക് സമയം ലഭിച്ചുള്ളൂവെങ്കിലും തൃശൂരിൽ സുരേഷ് ഗോപി സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിർദേശം വകവയ്ക്കാതെ, അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്ന് പറഞ്ഞ് അയ്യപ്പന്റെ പേരിൽത്തന്നെ സുരേഷ് ഗോപി വോട്ടുചോദിച്ചു. അന്ന് വരാണാധികാരിയായിരുന്ന ജില്ലാ കലക്ടർ ടി.വി.അനുപമ 48 മണിക്കൂറിനുള്ളിൽ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസയച്ചതോടെ മണ്ഡലം വാർത്തകളിൽ സജീവമായി.
വോട്ടുചോദിച്ചെത്തുന്ന വീടുകളിൽ കയറി ഉച്ചയൂണ് കഴിച്ചും ഗർഭിണിയുടെ വയറിൽ തലോടി കുഞ്ഞിനെ അനുഗ്രഹിച്ചും സാധാരണക്കാരിൽ സാധാരണക്കാരനായി, ആരാധകരുടെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തും സുരേഷ് ഗോപിയെന്ന താരം ജനപ്രീതി നേടി. ‘തൃശൂർ ഞാനങ്ങെടുക്കുവാ’എന്ന് പ്രഖ്യാപിച്ചതോടെ അക്ഷരാർഥത്തിൽ സുരേഷ് തൃശൂർ ജയിച്ചുവെന്ന് തന്നെ കണക്കുകൂട്ടിയവരുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പ്രതാപൻ പോലും ഹിന്ദുവോട്ടുകൾ നഷ്ടപ്പെട്ടെന്നുറപ്പിച്ച് ആത്മവിശ്വാസക്കുറവ് പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. ബിജെപിയുടെ വിജയപ്രതീക്ഷ വാനോളമുയർത്തിയ സുരേഷ് ഗോപി ഫലമെത്തിയപ്പോൾ മൂന്നാമനായെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിച്ചു എന്നുറപ്പിച്ചു പറയാം. രണ്ടാമതെത്തിയ രാജാജി മാത്യു തോമസിനേക്കാൾ 20,000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. 2014–ൽ ബിജെപി സ്ഥാനാർഥിയായിരുന്ന ശ്രീശന് 1,02,681 വോട്ടുകളാണ് ലഭിച്ചതെങ്കിൽ സുരേഷ് ഗോപി അത് 2,93,822 ആയി ഉയർത്തി.
∙ തോറ്റാലും തൃശൂരിനൊപ്പം
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സുരേഷ് ഗോപി തൃശൂർ വിട്ടില്ല. തൃശൂരിന്റെ മുക്കിലും മൂലയിലും വികസന പ്രവർത്തനങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിലും പങ്കാളിയായി. വിളിപ്പുറത്തുണ്ട് സുരേഷ് ഗോപിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടാമതെത്തിയ ആത്മവിശ്വാസത്തിലാണ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടി സുരേഷ് ഗോപി തൃശൂരിൽ ഇറങ്ങിയത്.
സിനിമാസ്റ്റൈലിൽ നഗരം ഇളക്കി മറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. താരസ്ഥാനാർഥിയെ കാണാൻ ജനം തടിച്ചുകൂടി. സെൽഫിക്കായി ക്യൂ നിന്നു. ‘തൃശൂർ എനിക്കുതരണ’മെന്നായി ഇത്തവണ അഭ്യർഥന. പക്ഷേ ഈ ആൾക്കൂട്ടത്തെ വോട്ടാക്കുന്നതിൽ സുരേഷ് ഗോപി വിജയിച്ചോ? വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ മൂവായിരത്തിലേറെ വോട്ടിന്റെ ലീഡുമായി സുരേഷ് ഗോപി കുതിച്ചതോടെ ക്ലൈമാക്സിനായി ജനം കാത്തിരുന്നു. പക്ഷേ സുരേഷ് ഗോപി എംഎൽഎ ആയില്ല. പക്ഷേ ആകെ പോൾ ചെയ്ത 1,25,825 വോട്ടിൽ 40,457 വോട്ടും സുരേഷ് നേടി. മണ്ഡലത്തിൽ ഒന്നാമതെത്തിയ പി.ബാലചന്ദ്രന് ലഭിച്ചത് 44,263 വോട്ടുകളായിരുന്നു, പത്മജയ്ക്ക് ലഭിച്ചത് 43,317 വോട്ടും ഒന്നാമതെത്തിയ സ്ഥാനാർഥിയേക്കാൾ വെറും മൂവായിരം വോട്ടുകളുടെ മാത്രം കുറവ്. അപ്പോഴും സുരേഷ് ഗോപി തൃശൂർ വിട്ടില്ല. തൃശൂർ കേന്ദ്രീകരിച്ച് തന്റെ പ്രവർത്തനങ്ങൾ തുടർന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന സഹകാരി മാർച്ച് ബിജെപിക്കുണ്ടാക്കിയ മൈലേജ് ചില്ലറയല്ല.
ഇക്കുറി തിരഞ്ഞെടുപ്പ് ചൂടെത്തും മുൻപേ തൃശൂരിലെ ഓട്ടോകളിൽ സുരേഷ് ഗോപിയുടെ ചിത്രവും താമരയും പ്രത്യക്ഷപ്പെട്ടു. ‘തൃശൂരിന് കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരന്റി’യെന്ന് ചുവരെഴുത്തുകൾ സജീവമായി. സുരേഷ ഗോപി തന്നെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വനിതാ വോട്ടർമാരുടെ പിന്തുണയുറപ്പിക്കാനായി തൃശൂരിൽ നടത്തിയ ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പരിപാടിക്കും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി സാംസ്കാരിക തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി മോദി തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെന്ന് പേരെടുത്ത് പറയാതെ തന്നെ പ്രസ്താവിക്കുകയായിരുന്നു. താൻ കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്ന പ്രതീതി പാർട്ടി അണികളിലും ജനങ്ങൾക്കിടയിലും സൃഷ്ടിക്കാൻ സുരേഷ് ഗോപിക്ക് കൃത്യമായി സാധിച്ചിട്ടുണ്ട്. സാമുദായിക വോട്ടുകൾ വിജയത്തിലെത്തിക്കും എന്നുതന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയുറപ്പാക്കാൻ കഴിഞ്ഞുവെന്നാണ് ബിജെപിവൃത്തങ്ങളുടെ വിശ്വാസം.
∙ പൾസ് തിരിച്ചറിഞ്ഞ് തൃശൂരിൽ തുടങ്ങി കോൺഗ്രസും
മഹിളാസംഗമത്തിന് തൃശൂരിൽ മോദിയെത്തിയതോടെ ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് കൃത്യമായി തിരിച്ചറിഞ്ഞു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ തൃശൂരിനെ കൈവിടാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് മഹാജനസഭയെന്ന പേരിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് തൃശൂരിൽ നിന്നാണ്. പ്രധാനമന്ത്രി എത്തിയ അതേ വേദിയിൽ നിന്ന്, ബിജെപിക്കെതിരെ കോൺഗ്രസ് പോർവിളി നടത്തി.
ഒരുലക്ഷത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ, രാഹുലിനെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുക്കാൽ മണിക്കൂറോളം നീണ്ട തന്റെ പ്രസംഗം ഖർഗെ തുടങ്ങിയത്. കേന്ദ്രം ഫെഡറലിസത്തെ തകർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോദിക്കുന്നത് കോൺഗ്രസിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളം ജയിച്ചാൽ ഇന്ത്യ ജയിക്കുമെന്ന് പ്രഖ്യാപിച്ച ഖർഗെ, മോദി സർക്കാരിന്റ ജനവിരുദ്ധ നയങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും മണിപ്പുർ കലാപവും ചൂണ്ടിക്കാട്ടി. 2019ലെ വിജയമാവർത്തിക്കാൻ പ്രതാപൻ സ്നേഹസന്ദേശ യാത്ര തുടങ്ങിക്കഴിഞ്ഞു.
Read More: അന്ധമായ കമ്യൂണിസ്റ്റ് വിരോധമില്ല, ഞങ്ങളുടെ പൊതുശത്രു ബിജെപിയാണ്: ടി.എൻ. പ്രതാപൻ
∙ പ്രതാപം വിടാതെ പ്രതാപൻ
തീരദേശമേഖലയിലെ സാന്നിധ്യം, മത–കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവർക്കും സ്വീകാര്യൻ, ലോക്സഭയിലെ ഇടപെടൽ, യുവജനങ്ങളെ കയ്യിലെടുക്കുന്ന പ്രസംഗം, വിദ്യാർഥി നേതാവായിരുന്ന കാലം മുതൽ മണ്ഡലത്തിൽ പ്രവർത്തിച്ച പരിചയം. ടി.എൻ.പ്രതാപനെയല്ലാതെ മറ്റൊരു സ്ഥാനാർഥിയെ കുറിച്ച് ചിന്തിക്കാൻ കോൺഗ്രസ് തയാറാകാത്തതിന് കാരണങ്ങൾ നിരവധിയാണ്. പ്രതാപൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി 2019–ൽ തൃശൂരിലെത്തുമ്പോൾ ഗ്രൂപ്പുപ്പോരുകൾ കാരണം അത്ര സുഖകരമായിരുന്നില്ല പാർട്ടിക്കുള്ളിലെ കാര്യങ്ങൾ. പക്ഷേ കേരളം മുഴുവൻ വീശിയടിച്ച രാഹുൽ തരംഗവും കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നതും, സാമുദായിക വോട്ടുകൾ മറിയുമെന്ന ആത്മവിശ്വാസക്കുറവിലും പ്രതാപന് ഗുണം ചെയ്തു.
4,15,084 വോട്ടുകൾ നേടിയാണ് പ്രതാപൻ മണ്ഡലം പിടിച്ചത്; രണ്ടാമതെത്തിയ രാജാജിയേക്കാൾ 93,628 വോട്ടുകൾ അധികം നേടിക്കൊണ്ട്. അറുപതിനായിരത്തിലധികം വോട്ടുകളുടെ വർധനവാണ് കോൺഗ്രസിന് ഉണ്ടായത്. 2014ൽ കെ.പി.ധനപാലന് 3,50,982 വോട്ടുകളായിരുന്നു ലഭിച്ചത്.
∙ തൃശൂരിന്റെ സിപിഐ ചായ്‌വ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ല ചുവന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 13–ൽ 12 സീറ്റും എൽഡിഎഫ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപാളയം. സിപിഐ മണ്ഡലമാണ് തൃശൂർ. ലോക്സഭാ മണ്ഡല ചരിത്രമെടുത്തുനോക്കിയാൽ മണ്ഡലം കൂടുതലും നിന്നത് സിപിഐയ്ക്ക് ഒപ്പമായിരുന്നുവെന്നത് വ്യക്തം.
1957 ൽ കെ.കെ.വാര്യരിൽ നിന്ന് തുടങ്ങിയ സിപിഐയുടെ ജൈത്രയാത്ര ചില തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മുന്നിൽ ഇടറിയെങ്കിലും സി.ജനാർദനനിലൂടെയും കെ.രാജനിലൂടെയും വി.വി.രാഘവനിലൂടെയും സി.കെ.ചന്ദ്രപ്പനിലൂടെയും സി.എൻ.ജയദേവനിലൂടെയും തുടർന്നു. വി.എസ്.സുനിൽ കുമാറിലൂടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് തന്നെയാണ് സിപിഐയുടെ പ്രതീക്ഷ. ചേർപ്പിൽ നിന്നും കയ്പമംഗലത്തുനിന്നും തൃശൂരിൽനിന്നും നിയമസഭയിലെത്തിയിട്ടുള്ള നേതാവാണ് സുനിൽകുമാർ.
∙ ‘സുനിലേട്ടന് ഒരു വോട്ട്’ നൽകുമോ തൃശൂർ
2016ൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് തൃശൂർക്കാരുടെ സ്വന്തം സുനിലേട്ടനായി പൂരത്തിനും പെരുന്നാളിനും സംഘാടകരേക്കാൾ ഊർജസ്വലതയോടെ കാര്യങ്ങൾ നടത്തിയ സുനിലിന് തൃശൂരിലുള്ള സ്വാധീനം മുൻനിർത്തി തന്നെയാണ് പാർട്ടി സീറ്റ് നൽകുന്നത്. സുരേഷ് ഗോപിക്കും പ്രതാപനും വേണ്ടി തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങുന്ന സമയത്തേ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ വി.എസ്.സുനിൽകുമാറിന് വേണ്ടി ചുവരെഴുത്ത് നടന്നത് സോഷ്യൽ മീഡിയയിലായിരുന്നു. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന് ചോദിച്ചെത്തിയ പോസ്റ്റിനെ പക്ഷേ ഇടത്നേതൃത്വം തള്ളി. കമ്യൂണിസ്റ്റ് സാമ്പ്രദായിക രീതികൾ ഏറെക്കുറെ പിന്തുടർന്ന് പതിയെ തന്നെയാണ് ഇത്തവണയും തൃശൂരിലെ സ്ഥാനാർഥി സൂചന പുറത്തുവന്നത്. തൃശൂർ സീറ്റിൽ ബിജെപിക്കോ കോൺഗ്രസിനോ ഇടതുപക്ഷത്തേക്കാൾ മുന്നേറാൻ സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സുനിൽകുമാർ ജനവിധി തേടുന്നത്.
ഈഴവസമുദായത്തിന് നിർണായക സ്വാധീനമുള്ള സ്ഥലമാണ് തൃശൂർ. ഇവിടെ സ്വാധീനമുറപ്പിക്കാനായതാണ് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എന്നാൽ ബിജെപി നേടാവുന്ന വോട്ടുകളെല്ലാം നേടിക്കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലരുടെ വിലയിരുത്തൽ. ന്യൂനപക്ഷ പിന്തുണയും ജനസ്വീകാര്യതയും തൃശൂർക്കാരായ പ്രതാപനും സുനിൽകുമാറിനും വേണ്ടുവോളമുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ദേശീയ ശ്രദ്ധ നേടിയ തൃശൂർ മണ്ഡലം സാക്ഷ്യം വഹിക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിനു തന്നെയാണ്. കാണാൻ പോകുന്ന പൂരം കണ്ടുതന്നെ അറിയാം!