15 രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു; എംഎൽഎമാർ വോട്ടു മറിക്കുമെന്ന ആശങ്കയിൽ കോൺഗ്രസ്, എസ്പി
Mail This Article
ന്യൂഡൽഹി∙ ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിൽ പത്തും കർണാടകയിൽ നാലും ഹിമാചലിൽ ഒന്നും സീറ്റുകളിലേക്കാണ് മത്സരം. കർണാടകയിലും ഉത്തർപ്രദേശിലും ക്രോസ് വോട്ടിങ് അഭ്യൂഹങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. യുപിയിൽ ബിജെപിക്ക് ഏഴെണ്ണം ജയിക്കാനുള്ള അംഗബലമുണ്ട്. സമാജ്‌വാദി പാർട്ടിക്ക് രണ്ടും. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുള്ളതാണ് പോരാട്ടം ആവേശകരമാക്കുന്നത്.
ആകെ ഒഴിവു വന്ന 56 സീറ്റുകളിൽ 41 സീറ്റുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെയാണ് ശേഷിക്കുന്ന 15 സീറ്റുകളിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
∙ ഉത്തർപ്രദേശ്
സംസ്ഥാനത്ത് 10 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. ബിജെപി എട്ട് സ്ഥാനാർഥികളെയും സമാജ്‌വാദി പാർട്ടി മൂന്നു സ്ഥാനാർഥികളെയുമാണ് നിർത്തിയിരിക്കുന്നത്. 403 യുപി നിയമസഭയിൽ ബിജെപിക്ക് 252 എംഎൽഎമാരും എസ്പിക്ക് 108 എംഎൽഎമാരുമാണുള്ളത്. എസ്പിക്കൊപ്പമുള്ള കോൺഗ്രസിന് 2 സീറ്റുണ്ട്. ബിജെപി സഖ്യകക്ഷിയായ അപ്‍നാദൾ 13, നിഷാദ് പാർട്ടി 6, ആർഎൽഡി 9, എസ്ബിഎസ്പി 6, ജൻസട്ടാ ദൾ ലോക്താന്ത്രിക് 2, ബിഎസ്പി 1 എന്നിങ്ങനെയാണ് കക്ഷിനില. നാലു സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
37 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടത്. രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയയ്ക്കാൻ സാധിക്കും.
മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്‌വിർ സിങ്, മുതിർന്ന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരാണ് സ്ഥാനാർഥികൾ. ഇവർക്കു പുറമേ ബിജെപി എട്ടാം സ്ഥാനാർഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയിരിക്കുന്നു. അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫിസർ അലോക് രഞ്ജൻ, ദലിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥികൾ.
∙ കർണാടക
ഇവിടെ നാലു സീറ്റുകളിലേക്കാണ് മത്സരം. നിലവിലെ രാജ്യസഭാ എംപിമാരായ ജി.സി.ചന്ദ്രശേഖർ, സയദ് നസീർ ഹുസൈൻ എന്നിവർക്കൊപ്ിപം അജയ് മാക്കനുമാണ് കോൺഗ്രസ് സ്ഥാനാർഥികൾ. വടക്കൻ കർണാടകയിൽ നിന്നുള്ള ഹിന്ദു നേതാവ് നാരായണ കൃഷ്ണസ ബണ്ഡഗെയാണ് ബിജെപി സ്ഥാനാർഥി. ഇവർക്കു പുറമേ ബിജെപി പിന്തുണയോടെ ജനതാ ദളിന്റെ ഡി.കുപേന്ദ്ര റെഡ്ഡിയും രംഗത്തുണ്ട്.
ഒരാളെ വിജയിപ്പിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 223 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എംഎൽഎമാരുടെ പിന്തുണയുണ്ട്. യാദ്ഗിർ ഷോറാപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാജാ വെങ്കടപ്പ നായിക്ക് ഞായറാഴ്ച മരിച്ചതിനെ തുടർന്നാണ് അംഗബലം 135ൽ നിന്നു 134 ആയി കുറഞ്ഞത്. ഇതിനു പുറമേ സർവോദയ കർണാടക പാർട്ടി എംഎൽഎയുടെയും 2 സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനുണ്ട്.
ബിജെപി– 66, ദൾ–19, ജനാർദന റെഡ്ഡിയുടെ കർണാടക രാജ്യ പ്രഗതി പക്ഷ–1 എന്നിങ്ങനെയാണ് നിയമസഭയിലെ മറ്റ് അംഗബലം. ഇതു കണക്കിലെടുക്കുമ്പോൾ കോൺഗ്രസിന് 3 പേരെയും ബിജെപിക്ക് ഒരാളെയും വിജയിപ്പിക്കാനാകും. ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചു കഴിഞ്ഞാൽ 41 വോട്ടുകളാണ് ബിജെപി–ദൾ സഖ്യത്തിന് ബാക്കിയുള്ളത്. നാലു പേരെ ‘ചാക്കിലാക്കിയാൽ’ ബിജെപി – ദൾ സഖ്യത്തിന് ഒരു സീറ്റു കൂടി നേടാം.
∙ ഹിമാചൽ പ്രദേശ്
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഹിമാചലിൽ ഒരു ഒഴിവു മാത്രമാണുള്ളത്. ഇവിടെ കോൺഗ്രസും ബിജെപിയും ഓരോ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മുതിർന്ന നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുള്ള അഭിപ്രായ ഭിന്നത മുതലെടുക്കാൻ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് മഹാജനെയാണ് ബിജെപി കളത്തിലിറക്കുന്നത്.
68 അംഗ സംസ്ഥാന നിയമസഭയില്‍ ജയമുറപ്പിക്കാൻ വേണ്ടത് 35 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസിന് 40 എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണക്കുന്നു. ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. ക്രോസ് വോട്ടിങ് ഉണ്ടായില്ലെങ്കിൽ ഇവിടെ കോൺഗ്രസിന് അനായാസം ജയിച്ചുകയറാം.