രാജ്യസഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, ബിജെപി എംഎൽഎ ക്രോസ് വോട്ട് ചെയ്തു

Mail This Article
ബെംഗളുരു∙ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ അപ്രതീക്ഷ നീക്കം. ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. എംഎൽഎ എസ്.ടി.സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്തതായി ബിജെപി ചീഫ് വിപ്പ് ദൊഡ്ഡണഗൗഡ ജി. പാട്ടീല്‍ നിയമസഭയില്‍ അറിയിച്ചു. ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിന് ആവശ്യമായ ഫണ്ട് തരുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് സോമശേഖര്‍ പറഞ്ഞിരുന്നു.
കോൺഗ്രസ് എംഎൽഎ ആയിരുന്ന സോമശേഖർ ബിജെപിയിൽ ചേരുകയായിരുന്നു. അതേസമയം ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയില്ല. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് അറിയുന്നത്.
കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിചാരിച്ചതിനേക്കാൾ വോട്ട് ലഭിക്കുമെന്ന് കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് പറഞ്ഞു. മറ്റുപാർട്ടിയിൽ നിന്നുള്ളവർക്ക് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കിൽ തങ്ങൾ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ടിങ് ആശങ്ക ഉണ്ടായിരുന്നതിനാൽ കോൺഗ്രസ് തികഞ്ഞ ജാഗ്രതയിലായിരുന്നു. ബാഹ്യസ്വാധീനം ഉണ്ടാകാതിരിക്കുന്നതിനായി കോൺഗ്രസ് എംഎൽഎമാരെ പ്രത്യേക ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്.
നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. അഞ്ച് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. നിലവിൽ 135 സീറ്റ് കോൺഗ്രസിന് കർണാടകയിലുണ്ട്. ഇതിൽ ഒരു എംഎൽഎ മരണപ്പെട്ടതിനെ തുടർന്ന് സീറ്റ് നില 134 ആണ്. ഇതിനുപുറമേ നാല് സ്വതന്ത്രന്മാരുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.