ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാൻ കോൺഗ്രസ് സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചു. ഹിമാചൽ നിയമസഭയിൽ ബജറ്റ് പാസാക്കാനായത് കോൺഗ്രസിന് ആശ്വാസമായി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു.

Read Also: ഹിമാചൽ മുഖ്യമന്ത്രി സുഖു രാജിവച്ചെന്ന് റിപ്പോർട്ട്, തള്ളി സുഖു; 14 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബിജെപി അംഗങ്ങളുടെ അഭാവത്തിലാണു ബജറ്റ് പാസാക്കിയത്. പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റുള്ള 10 പേർ പ്രതിഷേധിച്ചു പുറത്തിറങ്ങുകയും ചെയ്തു. ‘‘ഞങ്ങൾ ബജറ്റ് പാസാക്കി. സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തടഞ്ഞു. ഞങ്ങളുടെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാരിൽ ഒരാൾ മാപ്പ് പറഞ്ഞു. ജനങ്ങൾ അവർക്ക് ഉത്തരം നൽകും’’–സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കം തുടരുകയാണ്.

നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണു ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനുള്ള കാരണമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം രാജിവച്ച വിക്രമാദിത്യ സിങ്ങുമായി  സംസാരിച്ചെന്നും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്നും പരാതികൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ്ങാണ് രാജി നൽകിയത്. കഴിഞ്ഞ ദിവസം വിമതനീക്കത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. 

കൂറുമാറ്റത്തിലൂടെ ബിജെപി രാജ്യസഭാ സ്ഥാനാർഥി ഹർഷ് മഹാജൻ ഹിമാചലിൽ വിജയിച്ചിരുന്നു.  കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോൽവി നേരിടുകയായിരുന്നു. ഇരു സ്ഥാനാർഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേർ വീതമായി.

English Summary:

Himachal Pradesh budget passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com